accident-
ആയൂർ അകമണിൽ കാറും കെ.എസ്.ആർ.ടി.സിയും തമ്മിൽ കൂട്ടിയിടിച്ചനിലയിൽ

കൊല്ലം ജില്ലയിലെ ആയൂരിലും പത്തു കിലോമീറ്റർ മാറി ഓയൂരിലും ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ പൊലിഞ്ഞത് കുട്ടികളും സ്ത്രീകളുമടക്കം 8 പേർ. ഓയൂർ മരുതമൺപള്ളി കശുഅണ്ടി ഫാക്ടറിക്ക് സമീപം രണ്ട് യുവാക്കളുടെ ജീവനെടുത്ത ബൈക്കപകടമാണ് ആദ്യത്തേത്. അർദ്ധരാത്രി ബൈക്ക് പോസ്റ്റലിടിച്ച് കുറ്റിക്കാട്ടിൽ രക്തം വാർന്നു കിടന്ന ഇവരെ ഇന്നലെ വെളുപ്പിന് കണ്ട സമീപവാസി അറിയിച്ചതനുസരിച്ച് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണിക്കൂറുകൾക്കു ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആയൂരിന് സമീപം അകമണിൽ ആൾട്ടോ കാർ കെ.എസ്.ആർ.ടി.സി ഫാസ്റ്റിലിടിച്ച് മരിച്ചത് കുട്ടികളും സ്ത്രീകളുമടക്കം ഒരു കുടുംബത്തിലെ അഞ്ചും പേരും കാർ ‌ഡ്രൈവറും.

ആയൂർ : എം.സി റോഡിൽ ആയൂരിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ആറ് പേർ മരിച്ചു. ബസ് യാത്രക്കാരായ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), മകൾ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27), സ്മിതയുടെ മക്കളായ അഭിനോജ് (8), ഹർഷ (മൂന്നര), കാർ ഡ്രൈവർ ചെങ്ങന്നൂർ ആലകോണത്ത് വീട്ടിൽ അരുൺ (21) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് കരിക്കകം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
ആയൂർ - കൊട്ടാരക്കര റൂട്ടിൽ ആയൂരിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി അകമണിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസും വടശ്ശേരിക്കരയ്ക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുൻഭാഗം പൂർണമായും ബസിനടിയിലേക്ക് ഇടിച്ചുകയറിയ കാറിനെ 200 മീറ്ററോളം മുന്നോട്ട് വലിച്ചു കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്.

തൊട്ടടുത്തുള്ള ഹോട്ടലിലെയും വർക്ക്ഷോപ്പിലെയും ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. സംഭവമറിഞ്ഞ് പുനലൂർ ഡിവൈ.എസ്.പിയും ചടയമംഗലം പൊലീസും കടയ്ക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സുമെത്തി. ബസിനടിയിൽ കുടുങ്ങിയ കാറിൽ നിന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പുറത്തെടുത്തപ്പോഴേക്കും അഭിനോജും അഞ്ജനയും ഒഴികെ

മറ്രെല്ലാവരും മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ അഞ്ജനയെയും അഭിനോജിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിനി, സ്മിത, അരുൺ, ഹർഷ എന്നിവരുടെ മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രിയിലെയും അഞ്ജന, അഭിനോജ് എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മിനിയുടെ ഭർത്താവ് സുരേഷ് കുമാർ ഗൾഫിലാണ്. മനോജ് ആണ് സ്മിതയുടെ ഭർത്താവ്.
ബസ് യാത്രക്കാരായ അഞ്ചൽ താഴമൺ സ്വദേശി ജോതിഷ്‌കുമാർ (42), ഇളമാട് സൗമ്യഭവനിൽ സൗമ്യ, സഹോദരി സരിത, ഇവരുടെ മകൾ വർണ (ഒന്നരവയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് എം.സി റോഡ് വഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഫയർഫോഴ്സ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചടയമംഗലം പൊലീസ് കേസെടുത്തു.

ഓയൂരിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

വാർത്ത പേജ് 8