water-tank
പട്ടംതുരുത്തിലെ ഓവർഹെഡ് ടാങ്ക്

മൺറോത്തുരുത്ത്: ദിവസങ്ങളായി മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലൂടെ ലഭിക്കുന്നത് തുരുമ്പിന്റെ അംശം കലർന്ന കലക്കവെള്ളമാണെന്ന് പരാതി. ഗാർഹികാവശ്യങ്ങൾക്കോ മൃഗങ്ങൾക്കോ പോലും ഉപയോഗിക്കാൻ കഴിയാത്ത വെള്ളമാണ് മറ്റ് കുടിവെള്ള സ്രോതസുകളില്ലാത്ത മൺറോതുരുത്തിൽ വിതരണം ചെയ്യുന്നത്. മലിനജലമായതിനാൽ പലരും ദൂര ദേശത്ത് നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളം വില കൊടുത്തു വാങ്ങുകയാണെന്ന് സ്ഥലവാസികൾ പറഞ്ഞു.

മൺറോതുരുത്തിൽ നാല് കുഴൽക്കിണറുകളിൽ നിന്ന് നേരിട്ടും, ഓവർഹെഡ് ടാങ്കോടു കൂടിയ രണ്ട് കുഴൽകിണറുകളിൽ നിന്നുമാണ് ജലം എത്തിക്കുന്നത്. ഇതിൽ പട്ടം തുരുത്ത്, കൺട്രാം കാണി, നെന്മേനി, നെന്മേനി തെക്ക്, വില്ലിമംഗലം, തൂമ്പും മുഖം തുടങ്ങിയ വാർഡുകളിൽ ഓവർഹെഡ് ടാങ്ക് വഴി വിതരണം ചെയ്യുന്ന വെള്ളമാണ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ മലിനമായത്.

ടാങ്കുകൾ വാട്ടർ അതോറിറ്റി യഥാസമയം വൃത്തിയാക്കാത്തതാണ് വെള്ളം മലിനമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻ കാലങ്ങളിൽ ഇവ യഥാസമയം വൃത്തിയാക്കി ടാങ്കിലെ മാലിന്യം ഒഴുക്കി കളയുമായിരുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന വാട്ടർ അതോറിറ്റിയുടെ മനുഷ്യത്വരഹിതമായ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്വപ്പെട്ടു.