പുനലൂർ: കല്ലടയാറിന്റെ തീരത്തെ ഒറ്റക്കൽ ലുക്കൗട്ട് തടയണയുടെ പടിഞ്ഞാറ് ഭാഗത്ത് പുതിയ കുളിക്കടവ് വരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വിജനമായ സ്ഥലത്ത് കുളിക്കടവ് വന്നാൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം ഉണ്ടാകുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.
ദേശീയപാതയോരത്തെ അപകടമേഖലയായ ഒറ്റക്കൽ പാറക്കടവിലെ കുളിക്കടവിൽ നിരവധിപേർ മുങ്ങി മരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആറ്റ് തീരത്തെ പാറക്കടവിൽ ഇരുമ്പ് വേലി സ്ഥാപിക്കുന്ന ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. തുർന്നാണ് തടയണയ്ക്ക് സമീപത്തെ പഴയ റോഡിൽ നിന്ന് ആറ്റിലേക്ക് ഇറങ്ങാവുന്ന നിലയിൽ പുതിയ കടവ് പണിയാൻ കെ.ഐ.പി അധികൃതർ തീരുമാനിച്ചത്.
വേനൽക്കാല വിതരണത്തിനായി തടയണയിൽ വെള്ളം കെട്ടിനിറുത്തുന്നതോടെ ഇവിടവും അപകടമേഖലയാവും. ഇത് കുളിക്കാനെത്തുന്നവർക്ക് ഭീഷണിയാവും. കെ.ഐ.പിയുടെ നിയന്ത്രണത്തിലാണ് കുളിക്കടവിന്റെ നിർമ്മാണം നടക്കുന്നത്. തടയണയിലേക്ക് പോകുന്ന പഴയ റോഡിൽ നിന്ന് കല്ലടയാറ്റിലേക്ക് കരിങ്കൽ ഉപയോഗിച്ചാണ് കുളിക്കടവിന്റെ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. ഇവിടെ സ്ത്രീകൾക്ക് കുളിക്കാൻ കഴിയുമോ എന്ന കാര്യത്തിലും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.