കൊല്ലം: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌ത കമ്മിഷണർ ഓഫീസ് ജീവനക്കാരന് സസ്‌പെൻഷൻ. കൊല്ലം സിറ്റി കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടും എൻ.ജി.ഒ അസോസിയേഷൻ നേതാവുമായ എസ്. ഷിബുവിനെതിരെയാണ് നടപടി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരായ പോസ്റ്റുകളാണ് ഷിബു ഷെയർ ചെയ്തത്. കൂടാതെ രാഷ്ട്രീയ ചുവയുള്ള നിരവധി പോസ്റ്റുകൾ ഷെയറും ലൈക്കും ചെയ്‌തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഷിബുവിനെ എ.ഡി.ജി.പി മനോജ് എബ്രഹാം സസ്‌പെൻഡ് ചെയ്‌തത്. പോസ്റ്റുകൾ ഷിബു നീക്കിയെങ്കിലും സൈബർ സെൽ അവ വീണ്ടെടുത്തു.