തൊടിയൂർ: നാട്ടുകാരുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റോഡ് പണിക്കായി കൊണ്ടിട്ടിരുന്ന റോഡ് റോളർ സ്ഥലത്ത് നിന്ന് മാറ്റി. റോഡ് പണി അനിശ്ചിതമായി നീളുമെന്ന് ഇതോടെ ഉറപ്പായി. തൊടിയൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കോട്ട വീട്ടിൽ ജംഗ്ഷൻ - എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡ് പുനർനിർമ്മിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ട് ഏറെക്കാലമായി. എന്നാൽ റോഡ് പൊളിച്ചിട്ട് പണി നടത്താതെ നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യവും ഇല്ലാതാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദി വാർത്ത നൽകിയത്. റോഡ് പണിക്കായി ആഴ്ചകൾക്ക് മുമ്പ് കൂമ്പില്ലാക്കാവ് ക്ഷേത്രത്തിന് സമീപം കൊണ്ടിട്ടിരുന്ന റോഡ് റോളർ, വാർത്ത വന്ന അന്ന് തന്നെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പൊളിച്ചിട്ട റോഡിലൂടെ ടൂ വീലറിൽ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുയരുന്നത്.