കൊല്ലം: 1971 ൽ ടി.കെ. ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് കൊല്ലം ബൈപാസ് എന്ന ആശയം ഉയർന്നത്. തുടർന്ന് മേവറത്ത് നിന്ന് അയത്തിൽ, കല്ലുംതാഴം, മങ്ങാട്, കടവൂർ, കുരീപ്പുഴ വഴി കാവനാട് ആൽത്തറമൂട് വരെ 45 മീറ്റർ വീതിയിൽ സ്ഥലമെടുത്തു. 1972 ഫെബ്രുവരിയിൽ കാവനാട് ആൽത്തറമൂട്ടിൽ കൊല്ലം ബൈപാസിന് ശിലാസ്ഥാപനവും നടത്തി. മേവറത്ത് നിന്ന് 1993ൽ നിർമ്മാണം ആരംഭിച്ചു. അയത്തിൽ വരെയുള്ള മൂന്ന് കിലോമീറ്റർ1993ൽ പൂർത്തിയായി (ചെലവ് 3.75 കോടി). അയത്തിൽ മുതൽ കല്ലുംതാഴം വരെയുള്ള ഒന്നരകിലോമീറ്റർ നിർമ്മാണം 1999 ൽ പുറത്തായി (ചെലവ് 2.75 കോടി). എസ്. കൃഷ്ണകുമാർ, പി. രാജേന്ദ്രൻ എന്നിവരായിരുന്നു ഇക്കാലത്ത് എം.പിമാർ. കല്ലുംതാഴത്ത് നിലച്ചുപോയ പദ്ധതിക്ക് പുനർജീവനേകിയത് എൻ. പീതാംബരക്കുറുപ്പ് എം.പിയുടെ ശ്രമഫലമായാണ്. കല്ലുംതാഴം മുതൽ കാവനാട് വരെ 9 കിലോമീറ്റർ പൂർത്തിയാക്കാൻ 352 കോടി വേണ്ടിയിരുന്നു. ഇത്രയും തുക ചെലവഴിക്കാൻ കേന്ദ്രം തയ്യാറായില്ല. പീതാംബരക്കുറുപ്പിന്റെ ഇടപെടലിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50 ശതമാനം തുക വീതം ചെലവഴിക്കാൻ ധാരണയായത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. തുടർന്ന് 2015 ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് മൂന്നാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പിണറായി സർക്കാരിന്റെയും മന്ത്രിമാരായ ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവരുടെയും ശ്രമഫലമായാണ് മൂന്ന് വർഷം കൊണ്ട് ബൈപാസ് പൂർത്തിയായത്.
ഹൈക്കോടതി ഇടപെടൽ
ബൈപാസിന്റെ അവസാനഘട്ട നിർമ്മാണത്തിന് സർക്കാരുകൾ നിർബന്ധിതമായത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്. പൊതുപ്രവർത്തകനായ എം.കെ. സലിം നൽകിയ ഹർജിയിൽ നിർമ്മാണ കാര്യത്തിൽ ആറ് മാസത്തിനകം കേന്ദ്ര സർക്കാരും ദേശീയപാത അതോറിട്ടിയും തീരുമാനമെടുക്കണമെന്ന് 2012 നവംബർ19 ന് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് കോടതിയലക്ഷ്യ നടപടികൾ ഉണ്ടാകാതിരിക്കാൻ ദേശീയപാത അതോറിട്ടിയും സർക്കാരും ഇടപെടുകയായിരുന്നു.
ചെലവ് : 352 കോടി
നീളം : 13.14 കി.മീറ്റർ
വീതി : 45 മീറ്റർ
പാലങ്ങൾ: 3
കണ്ടച്ചിറ പാലം : 865 മീറ്റർ
അരവിള പാലം : 620 മീറ്റർ
കടവൂർ പാലം : 90 മീറ്റർ
ഇപ്പോൾ കൊല്ലം വഴി കടന്നു പോകുന്ന വാഹനങ്ങളിൽ 50 ശതമാനത്തോളം ബൈപാസ് വഴിയാകും
തിരുവനന്തപുരത്ത് നിന്നുള്ള ദീർഘദൂര വാഹനങ്ങൾക്കും ചരക്ക് ലോറികൾക്കും കൊല്ലം നഗരത്തിൽ പ്രവേശിക്കാതെ കാവനാട്ട് എത്താം.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും.
ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾക്ക് ബൈപാസിലൂടെ മേവറത്തെത്തി തിരുവനന്തപുരത്തേക്ക് പോകാം.