പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കലയ്ക്കോട് ഏലയിൽ സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പഞ്ചായത്തിൽ നെൽകൃഷി നടത്തുന്ന ഭൂമിയുടെ അളവ് 15 ഹെക്ടർ വർദ്ധിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. തരിശുകിടന്ന പെരുങ്കുളം ഏലായിലും രണ്ട് വർഷമായി നെൽകൃഷിയിറക്കുന്നുണ്ട്. ഇവിടെയും നൂറു ശതമാനം വയലിലും കൃഷി നടത്താനുള്ള ശ്രമത്തിലാണ്. വരും വർഷങ്ങളിൽ പഞ്ചായത്തിലെ എല്ലാ വയലുകളും പൂർണമായും കൃഷിയോഗ്യമാക്കാനുള്ള പദ്ധതികൾക്ക് പഞ്ചായത്ത് രൂപം നൽകിയതായും പ്രസിഡന്റ് തുടർന്ന് പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻപിള്ള, ശ്രീരശ്മി, വാർഡ് മെമ്പർ സുനിൽകുമാർ, ഏലാസമിതി ഭാരവാഹികളായ ഇ.കെ.ആർ. ഉണ്ണിത്താൻ, ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.