പുനലൂർ:പുനലൂർ നഗരസഭയെ സീറോവേസ്റ്റായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. പക്ഷേ നഗരത്തിലൂടെ ഇപ്പോഴും ദുർഗന്ധം മൂലം വഴിനടക്കാനാവില്ല. കച്ചേരി റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് ഇറങ്ങുന്ന ഇടറോഡിലെയും മറ്റും തുറസായ ഓടകളിലൂടെയാണ് മാലിന്യം ഒഴുക്കുന്നത്. ദുർഗന്ധം മൂലം സമീപത്തെ വ്യാപാരികളും പൊറുതിമുട്ടി. കച്ചേരി റോഡിന് സമീപമുള്ള താലൂക്ക് ആശുപത്രി, കോടതികൾ, മിനി സിവിൽ സ്റ്റേഷൻ, സബ് ട്രഷറി എന്നിവ അടക്കമുളള 50ഓളം സർക്കാർ സ്ഥാപനങ്ങളിലേക്കും ഇതര ഓഫിസുകളിലേക്കും ആളുകൾ പോകുന്ന ഇടറോഡിലെ ഓടയിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്. ആറ് മാസമായി ഇതാണ് സ്ഥിതി. അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമില്ല. കച്ചേരി റോഡിലെ ഹോട്ടലുകളിലെ മാലിന്യമാണ് തുറസായ ഓടയിലൂടെ കടത്തിവിടുന്നത്. ഇത് ദേശിയ പാതയോരത്ത് പുതിയതായി പണിത ഓടയിലെത്തും. പിന്നീട് ശുദ്ധജല വിതരണ പദ്ധതിയിലേക്ക് വെള്ളം ശേഖരിക്കുന്ന കല്ലടയാറ്റിൽ ഒഴുകിയെത്തും. ഇതോടെ കുണ്ടറ, മീനാട് ശുദ്ധ ജലവിതരണ പദ്ധതികളും മലിനമാകുന്നു. തുറസായി കിടക്കുന്ന ഓടയിലൂടെ ഹോട്ടൽ മാലിന്യങ്ങൾ ഓഴുക്കിവിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് സമീപവാസികൾ. ഇതിന് സമീപമാണ് നഗരസഭാ കാര്യലയവും, ആരോഗ്യവിഭാഗത്തിന്റെ ഓഫീസുകളും . എന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.