thumpara
തുമ്പറ മിനി മാർക്കറ്റ്

കൊല്ലം: ഒരു കാലത്ത് ഉപ്പ് മുതൽ കർപ്പൂരം വരെ മുണ്ടയ്ക്കലിലെ തുമ്പറ മിനി മാർക്കറ്റിൽ കിട്ടുമായിരുന്നു. പുലർച്ചെ ആരംഭിക്കുന്ന ചന്തയിൽ പത്ത് മണിയോടെ കച്ചവടം കൊടുമ്പിരിക്കൊള്ളും. രാത്രി എട്ട് മണി കഴിഞ്ഞാലും തിക്കും തിരക്കുമൊഴിയില്ല. എന്നാലിപ്പോൾ അതെല്ലാം വെറും ഓർമ്മ മാത്രമായി മാറി. മരത്തൂണുകൾ കൊണ്ടുണ്ടാക്കിയ താത്ക്കാലിക ഷെഡും തട്ടുകടകളും തലയ്ക്ക് മീതെ പതിക്കുമെന്ന ഭയത്താൽ കച്ചവടക്കാർ ഇവിടേക്ക് വരുന്നില്ല.

1979ൽ എൻ. തങ്കപ്പൻ വക്കീൽ മുനിസിപ്പൽ ചെയർമാൻ ആയിരിക്കെയാണ് സ്ഥലം കൗൺസിലർ ജോർജ്ജ് വർഗീസിന്റെ സഹായത്തോടെ തുമ്പറ മാർക്കറ്റിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. 1981ൽ പൊന്നും വില കൊടുത്ത് 20 സെന്റ് സ്ഥലം ഏറ്റെടുത്തു. 1984ൽ മിനി മാർക്കറ്റ് പ്രവർത്തനം തുടങ്ങി. മത്സ്യ കച്ചവടത്തിനായി കെട്ടിയ ഹാൾ നഗരസഭ പിന്നീട് കടമുറികളാക്കി. ഇതോടെ മീൻ വിൽക്കാൻ ഇടമില്ലാതായി. 34 വർഷം പഴക്കമുള്ള ഈ കടമുറികളൊഴികെ മറ്റൊരു നിർമ്മാണ പ്രവർത്തനവും നഗരസഭ ഇവിടെ നടത്തിയിട്ടില്ല. ഈ കടമുറികൾ ചോർന്നൊലിച്ച് ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. മഴ പെയ്താൽ ചന്ത നിറയെ വെള്ളക്കെട്ടാണ്.
കരാറുകാരൻ നിർമ്മിച്ച താത്ക്കാലിക ഷെഡിലാണ് ഇപ്പോൾ മീൻ കച്ചവടം നടക്കുന്നത്. ടാർപ്പാളിൻ കൊണ്ടുള്ള മേൽക്കൂര ദ്രവിച്ച് കീറിയതിനാൽ മഴയുള്ള ദിവസങ്ങളിൽ ഇവിടെ കച്ചവടം ഉണ്ടാകില്ല. മറ്റ് ദിവസങ്ങളിലും വിരലിലെണ്ണാവുന്ന കച്ചവടക്കാരെ ഉണ്ടാകു. വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻഭാഗത്ത് മത്സ്യക്കച്ചവടത്തിനായി നഗരസഭ പ്രത്യേകം ഷെഡ് നിർമ്മിച്ചെങ്കിലും പ്രവർത്തിച്ചില്ല. ഷെഡ് ഇപ്പോൾ തുരുമ്പെടുത്ത് നിലം പൊത്തിയിരിക്കുകയാണ്. വർഷാവർഷം ലേലം നടത്തുന്നതല്ലാതെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കാൻ നഗരസഭ തയ്യാറാകുന്നില്ല.

 നഗരസഭ ഇടപെടണം

നഗരസഭയ്ക്ക് ഏറ്റവുമധികം നികുതി ലഭിക്കുന്ന ഡിവിഷനുകളിൽ അഞ്ചാം സ്ഥാനത്താണ് ഉദയമാർത്താണ്ഡപുരം. കിട്ടുന്ന നികുതിയുടെ ഒരംശം പോലും നഗരസഭ തുമ്പറ മാർക്കറ്റിന് വേണ്ടി ചെലവാക്കിയിട്ടില്ല. ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി പഴയ പ്രതാപത്തിലേക്ക് മാർക്കറ്റിനെ ഉടൻ മടക്കിക്കൊണ്ടുവരണം.

എസ്. സുരേഷ് ബാബു

(മുൻ കൗൺസിലർ)

 34 വർഷം പഴക്കമുള്ള തുമ്പറ മിനി മാർക്കറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ തകർച്ചയുടെ വക്കിലാണ്.

 20 സെന്റിൽ പ്രവർത്തനമാരംഭിച്ചത് 1984ൽ