പുനലൂർ:വാതിൽപ്പടി റേഷൻ വിതരണത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ തൂക്കിനൽകാത്തതിൽ പ്രതിഷേധിച്ച് പുനലൂർ താലൂക്കിലെ റേഷൻ വ്യാപാരികൾ വെയർഹൗസ് മാനേജർ- ഇൻ ചാർജ്ജിനെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ലീഡേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു ഉപരോധ സമരം . വെയർ ഹൗസിൽ നിന്ന് റേഷൻ കടകളിൽ ലോറിയിൽ എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ തൂക്കിനൽകണമെന്നാണ് വ്യവസ്ഥ. ഇത് സംബന്ധിച്ച് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാൽ റേഷൻകടകളിൽ എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ തൂക്കി ഉടമകളെ ബോദ്ധ്യപ്പെടുത്താതെ 50കിലോ വീതമുളള ചാക്കുകൾ എണ്ണി ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ഒരു ചാക്കിൽ നിന്ന് പത്ത് കിലോ മുതൽ അഞ്ച് കിലോ വരെയുളള ഭക്ഷ്യധാന്യങ്ങളുടെ കുറവാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇത് വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. പുനലൂർ താലൂക്കിലെ റേഷൻ കടകൾ ഒഴിച്ച് സംസ്ഥാനത്തെ മറ്റെല്ലാ റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് തൂക്കി നൽകുകയാണ്. ഉപരോധത്തെ തുടർന്ന് സപ്ലൈകോയുടെ അസി.മാനേജർ ബിന്ദുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഭക്ഷ്യധാന്യങ്ങൾ റേഷൻ കടയിൽ എത്തിച്ച ശേഷം തൂക്കി ഉടമയെ ബോദ്ധ്യപ്പെടുത്തി നൽകാം എന്ന ഉറപ്പിൽമേൽ സമരം അവസാനിപ്പിച്ചു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് നെട്ടയം രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ രാഘവൻ, ഭാരതീപുരം ബാബു, മുസ്തഫ, ജലാലുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.