k-surendran

കൊല്ലം: പ്രധാനമന്ത്രി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ കൊതിക്കെറുവാണ് സി.പി.എമ്മിനെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അതിനാലാണ് ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ മന്ദഗതിയിലാക്കുന്നത്.
പൊതുജനങ്ങൾ ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ബൈപാസ് ഉദ്ഘാടനം സി.പി.എമ്മിന്റെ രാഷ്ട്രീയ മാമാങ്കമാക്കാനുള്ള നീക്കം പാളിയതാണ് കാരണം. പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻ.ഡി.എ റാലിക്കെതിരെയും സർക്കാർ പിന്തുണയോടെ സി.പി.എം ആസൂത്രിത പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. റാലിയുടെ മുഖ്യചുമതലക്കാർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അർദ്ധരാത്രിയിൽ വീട് വളഞ്ഞ് സ്‌ത്രീകളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നു.എൻ.കെ.പ്രേമചന്ദ്രൻ എട്ടുകാലി മമ്മൂഞ്ഞിന്റെ തനിയാവർത്തനമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.