fir
കത്തിയ വസ്ത്രങ്ങൾക്കിടയിൽ രേഖകൾ പരിശോധിക്കുന്ന വീട്ടുടമയും ഭാര്യയും.

കൊട്ടിയം: തമിഴ്നാട് സ്വദേശികളായ വൃദ്ധദമ്പതികൾ താമസിച്ചിന്ന ഒറ്റമുറി വീട്ടിലുണ്ടായ തീപിടിത്തത്തിൽ രേഖകളും പണവും കത്തിനശിച്ചു. മയ്യനാട് പഞ്ചായത്തിലെ 20-ാം വാർഡിൽ ഉൾപ്പെട്ട ഉമയനല്ലൂർ കാഞ്ഞാന്തലയിലാണ് സംഭവം.

ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഷൺമുഖ ഭവനിൽ കറുപ്പുസ്വാമിയും ഭാര്യ ബാലമ്മാളും താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ സാധനങ്ങളെല്ലാം വാരി പുറത്തിട്ട് തീകെടുത്തുകയായിരുന്നു. ദമ്പതികളുടെ ബാങ്ക് പാസ്ബുക്ക്, ആധാർ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളും അയ്യായിരത്തോളം രൂപയും വസ്ത്രങ്ങളും കത്തിനശിച്ചു. അടുപ്പിൽ നിന്ന് തീ പടർന്നതാകാം അപകട കാരണമെന്ന് കരുതുന്നു.
ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് ലഭിച്ച വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഷീറ്റിട്ട ഒറ്റമുറിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. പുതിയ വീടിന്റെ അവസാനഘട്ട പണികൾക്കായി സൂക്ഷിച്ചിരുന്ന പണമാണ് കത്തിനശിച്ചത്. വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നെത്തിയ ദമ്പതികളുടെ രേഖകളെല്ലാം ഉമയനല്ലൂർ കാഞ്ഞാംതല എന്ന വിലാസത്തിലായിരുന്നു.