photo
പനയം വില്ലേജ് ഓഫീസിന് സമീപത്തെ പൊതുകുളം

 മാലിന്യ നിക്ഷേപവും പായലും കുളത്തിനെ ഉപയോഗശൂന്യമാക്കി

കൊല്ലം: വേനൽക്കാലം അടുത്തെത്തുമ്പോഴും അഞ്ചാലുംമൂട് പനയത്തെ പൊതുകുളം സംരക്ഷിക്കാൻ അധിക‌ൃതർ നടപടിയെടുക്കുന്നില്ല. പനയം വില്ലേജ് ഓഫീസിനോട് ചേർന്നുള്ള പൊതുകുളമാണ് പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.

റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുളത്തിലേക്ക് മുൻകാലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുമായിരുന്നു. ഇറച്ചി അവശിഷ്ടങ്ങളുൾപ്പടെ തള്ളാൻ തുടങ്ങിയതോടെ ദുർഗന്ധം മൂലം വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. അന്ന് നാട്ടുകാരുടെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചായത്ത് മുൻകൈയെടുത്താണ് കുളത്തിന്റെ സംരക്ഷണത്തിന് പദ്ധതികൾ കൊണ്ടുവന്നത്. തുടർന്ന് കുളത്തിന് ചുറ്റും ലക്ഷങ്ങൾ ചെലവാക്കി ഉയരമുള്ള കമ്പിവേലി കെട്ടി സംരക്ഷണമൊരുക്കി.

അതോടെ വേനൽക്കാലത്തും മഴക്കാലത്തും ഉപയോഗിക്കാൻ കഴിയുന്നവിധം കുളം മാറുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ ഇപ്പോൾ സംരക്ഷണ വേലിയെ നോക്കുകുത്തിയാക്കി മാലിന്യ നിക്ഷേപം സജീവമായിരിക്കുകയാണ്. ഉപയോഗം കുറഞ്ഞതോടെ പായലും കുളത്തിന് ചുറ്റും കാടും പിടിച്ചിരിക്കുകയാണ്.

ശ്രദ്ധയോടെ സംരക്ഷിച്ചാൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുൾപ്പടെ കുളം ഉപകാരപ്പെടുമെന്നും അധികൃതർ മനസ് വെച്ചാൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളം വൃത്തിയാക്കാവുന്നതേയുള്ളുവെന്നും പ്രദേശവാസികൾ പറയുന്നു. വേനൽ രൂക്ഷമാകുന്നതിന് മുമ്പ് കുളം വൃത്തിയാക്കിയാൽ കുടിവെള്ളക്ഷാമത്തിൽ നിന്ന് ഒരു പരിധിവരെ കരകയറാം.

ഭീഷണിയായി..

കുളത്തിലേയ്ക്ക് ഇറങ്ങുന്ന കവാടത്തിന്റെ വേലി പൊളിഞ്ഞു

 കുറ്റിക്കാടും മാലിന്യങ്ങളും പായലും

 ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ വെള്ളം മലിനമായി

 സംരക്ഷിക്കുന്നില്ല

പൊതുകുളങ്ങൾ സംരക്ഷിക്കാൻ മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും പൂർണ വിജയം കണ്ടില്ല. ഓരോ ഗ്രാമത്തിലും ഒന്നിലധികം പൊതുകുളങ്ങളുണ്ട്. വേണ്ട രീതിയിൽ സംരക്ഷിച്ചാൽ വേനൽക്കാലത്ത് വലിയ അളവിൽ ജലക്ഷാമത്തിന് പരിഹാരമുണ്ടാകും.