ചിത്രം ശ്രീധർലാൽ.എം.എസ്

കോട്ടാത്തല ശ്രീകുമാർ

കൊല്ലം: കരുനാഗപ്പള്ളി കന്നേറ്റിയിലേക്ക് വരൂ... കായൽ കാഴ്ചകൾ കണ്ടുരസിക്കാം. ജനകീയ ടൂറിസം പദ്ധതിയാണ് സ്വാഗതം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ ഹൗസ് ബോട്ടിൽ കായൽക്കാഴ്ചകൾ കാണാനും തനി നാടൻ വിഭവങ്ങൾ രുചിക്കാനുമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അവസരമൊരുക്കുന്നത്. ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന കായലോരത്താണ് കന്നേറ്റി ജലവിനോദ സഞ്ചാരകേന്ദ്രത്തിന് തുടക്കമിട്ടത്. ദേശീയപാതയോരത്തായി കന്നേറ്റി ബോട്ട് ടെർമിനൽ സ്ഥാപിച്ച് സാധാരണക്കാർക്കും വിദേശികൾക്കും ഇഷ്ടപ്പെടുന്ന പാക്കേജുകളുമൊരുക്കിയപ്പോൾ ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി. രാവിലെ 11 മുതലാണ് ബോട്ട് ടെർമിനൽ പ്രവർത്തനം തുടങ്ങുക. മുൻകൂട്ടി ബുക്കുചെയ്താൽ നേരത്തേയെത്താനും ജീവനക്കാർ തയ്യാറാണ്. ഒരു ഹൗസ് ബോട്ടും മറ്റൊരു സാധാരണ ബോട്ടുമാണ് സഞ്ചാരത്തിനായി ഒരുക്കിയിട്ടുള്ളത്. മറ്റൊരു ബോട്ടുകൂടി ഉണ്ടായിരുന്നെങ്കിലും തകരാറായതിനാൽ ഉപയോഗിക്കുന്നില്ല. ------------- ചെറിയ തുകയ്ക്ക് കായൽ യാത്ര ഒരു മണിക്കൂർ നേരം 10 പേർക്ക് കായൽയാത്ര നടത്താൻ 1200 രൂപ മതിയാകും. 10 പേർക്ക് 5 മണിക്കൂർ യാത്രയ്ക്ക് 85,000 രൂപയാണ്. 5 മണിക്കൂർ യാത്രയ്ക്ക് തനി നാടൻ ഭക്ഷണവും ലഭ്യമാണ്. ഒറ്റയ്ക്കെത്തുന്നവർക്ക് 250 രൂപ മുതൽ നൽകിയാലും കായൽയാത്രയ്ക്ക് അവസരമുണ്ട്. ----------- മനം നിറയ്ക്കും കാഴ്ചകൾ കന്നേറ്റി കായലിന്റെ കുഞ്ഞോളങ്ങളിലൂടെ നീങ്ങുന്ന ബോട്ടിലിരുന്ന് കായൽക്കാഴ്ചകളിലൂടെ മനംനിറയ്ക്കാം.കരയുടെ വേറിട്ട ഭംഗിയും ആസ്വദിക്കാം. ദേശാടനക്കിളികളാണ് മറ്റൊരു കൗതുകം. ചാമ്പക്കടവിൽ കായലിനോട് ചേർന്ന തുരുത്തുകളിൽ സീസൺ നോക്കാതെ ദേശാടനക്കിളികളെത്താറുണ്ടെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ചാമ്പക്കടവ്, കല്ലുകടവ്, മാലുമേൽക്കടവ് ഭാഗങ്ങളിലേക്ക് യാത്രചെയ്യാൻ സഞ്ചാരികൾ കൂടുതൽ താത്പര്യപ്പെടുന്നതും ഈ ദേശാടനക്കിളികളെ കാണാനാണ്. കൊതിമുക്ക് വട്ടക്കായൽ, കാട്ടിൽമേക്കതിൽ ക്ഷേത്രം, അമൃതപുരി, ഗ്രീൻചാനൽ റിസോർട്ട്, മത്സ്യബന്ധന തുറമുഖങ്ങൾ, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനും അവസരമുണ്ട്. --------------- ശ്രീനാരായണ ഗുരു പവലിയൻ കന്നേറ്റി ബോട്ട് ടെർമിനലിനൊപ്പം ശ്രീനാരായണ ഗുരു പവലിയനും നിർമ്മിച്ചിട്ടുണ്ട്. സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കായൽക്കരയിൽ വിശ്രമിക്കാനും ഇവിടം ഉപകരിക്കുന്നുണ്ട്. 2018 ജനുവരി 11ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പവലിയൻ നാടിന് സമർപ്പിച്ചത്. സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും ഇവിടം വാടകയ്ക്ക് നൽകാനും തീരുമാനമുണ്ട്.