കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം പാലസ് സിറ്റി വിവിധ തൊഴിൽ മേഖലകളിൽ പ്രാഗത്ഭ്യവും അർപ്പണവും സാമൂഹിക പ്രതിബദ്ധതയും തെളിയിച്ചവരെ ആദരിച്ചു. ഫയർ ആൻഡ് റെസ്‌ക്യു സർവീസ് കൊല്ലം ജില്ലാ മേധാവി കെ. ഹരികുമാർ, കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽ കുമാർ, സഞ്ചാരിയും ബെൻസിഗർ റേഡിയോ യാത്രാവിവരണ പരമ്പര അവതാരകനുമായ എ.ക്യു. മഹ്ദി, തഴവ എ.വി ഗവ. സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ സി. രാജേന്ദ്രൻ എന്നിവരെയാണ് വൊക്കേഷണൽ അവാർഡുകൾ നൽകി ആദരിച്ചത്. നെല്ലിമുക്ക് ക്‌ളൗഡ്‌സിൽ നടന്ന ക്ലബിന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷ കുടുംബ സമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ഐഷ പോറ്റി എം.എൽ.എ പുരസ്‌കാരങ്ങൾ നൽകി. 2018-19 ലെ സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം നേടിയ സി. രാജേന്ദ്രന് റോട്ടറി ഇന്ത്യ ലിറ്ററസി മിഷൻ അനുശാസിക്കുന്ന നേഷൻ ബിൽഡർ അവാർഡും നൽകി. ക്ളബ് പ്രസിഡന്റ് ഡോ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി 3211 നിയുക്ത ഡിസ്ട്രിക്ട് ഗവർണർ സിരീഷ് കേശവൻ മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് ഗവർണർ ദീപക് സോമരാജൻ ആശംസകൾ അർപ്പിച്ചു. തില്ലേരി സെന്റ് ആന്റണീസ് വികാരി ഫാ. സുനിൽ സെസാദിമേ ക്രിസ്‌മസ് നവവത്സരാശംസകൾ നേർന്നു. ക്ലബ് സ്ഥാപകാംഗങ്ങളെയും മുൻ പ്രസിഡന്റുമാരെയും സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചു. സെക്രട്ടറി മോഹനൻ ബി. കണ്ണങ്കര നന്ദി പറഞ്ഞു.