mund
മുണ്ടയ്ക്കലിൽ നിർമ്മാണം പൂർത്തിയായ സ്റ്റാഫ് ക്വാർട്ടേഴ്സ്

കൊല്ലം: നിർമ്മാണം പൂർത്തിയായിട്ടും താമസക്കാരെത്താത്ത മുണ്ടയ്ക്കലെ നഗരസഭയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് നാട്ടുകാർക്ക് തലവേദനയാകുന്നു. നഗരസഭയ്ക്ക് വേണ്ടാത്ത ഈ കെട്ടിടം തെരുവ് നായകൾ താവളമാക്കിയിരിക്കുകയാണ്.
ഒന്നരവർഷം മുൻപാണ് മുണ്ടയ്ക്കൽ പി.എച്ച്.സിയുടെ മുൻഭാഗത്ത് പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ് പൂർത്തിയാത്. പക്ഷെ ഇതുവരെ വൈദ്യുതീകരിച്ചിട്ടില്ല. ഇരുട്ട് മൂടിക്കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ ക്വാർട്ടേഴ്സ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കെട്ടിടത്തിന്റെ ജനൽ ചില്ലുകളെല്ലാം ഇവിടെ തമ്പടിക്കുന്നവർ അടിച്ചുതകർത്തു. പുറത്ത് സാമൂഹ്യവരുദ്ധർ വിളയാടുമ്പോൾ അകം തെരുവ് നായകൾ കൈയടക്കിയിരിക്കുകയാണ്. ഗേറ്റിന്റെ അഴിക്കുള്ളിലൂടെ തെരുവ് നായകൾക്ക് സുഖമായി അകത്ത് കടക്കാം. 50 തെരുവ് നായകളെങ്കിലും പതിവായി ക്വാർട്ടേഴ്സിനുള്ളിൽ ഉണ്ടാകും. രാത്രി സാമൂഹ്യവിരുദ്ധരെത്തുന്നതോടെ ഇവരെ പുറത്തേക്ക് ആട്ടിപ്പായിക്കും. പിന്നെ ഒരാൾക്കും സമീപത്തു കൂടി വഴിനടക്കാനാകാത്ത സ്ഥിതിയാണ്.

ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാർ വീട്ടുവാടകയ്ക്കായി ആയിരങ്ങൾ ചെലവഴിക്കുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ക്വാർട്ടേഴ്സ് കെട്ടിടം ആർക്കും പ്രയോജനപ്പെടാതെ നശിക്കുന്നത്. തേവള്ളിയിലും ഉളിയക്കോവിലിലും നഗരസഭയ്ക്ക് നിലവിൽ ക്വാർട്ടേഴ്സുകളുണ്ട്. ഇതിൽ തേവള്ളിയിലെ ഒരു ക്വാട്ടേഴ്സ് പോലും താമസത്തിന് യോഗ്യമല്ല.

 പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് സെപ്റ്റിക് ടാങ്ക്

തൊട്ടുപിന്നിൽ സ്ഥിതി ചെയ്യുന്ന മുണ്ടയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്താണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്രം പ്രവർത്തനം തുടങ്ങുമ്പോൾ സെപ്റ്റിക് ടാങ്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നവർക്ക് ഭീഷണി ഉയർത്തുമെന്ന ആശങ്കയുണ്ട്. പ്രതിദിനം കുറഞ്ഞത് ഇരുനൂറ് പേരെങ്കിലും ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാവി വികസനത്തിനും ക്വാർട്ടേഴ്സ് തടസമായി നിൽക്കുകയാണ്. പി.എച്ച്.സി പുതിയ കെട്ടിടത്തിന് സൗകര്യമാകുന്ന തരത്തിൽ നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും തൊട്ടു ചേർന്ന് തന്നെ നിർമ്മിക്കുകയായിരുന്നു.

'വൈദ്യുതീകരിക്കാത്തതിനാലാണ് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം നടക്കാത്തത്. നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ ജീവനക്കാർക്ക് നൽകും."

വി.ആർ. രാജു (നഗരസഭാ സെക്രട്ടറി)