paravur
പരവൂർ കായൽ മണൽ മൂടിയനിലയിൽ

പരവൂർ : പരവൂർ കായലിൽ രൂപപ്പെടുന്ന മണൽക്കൂനകൾ യഥാസമയത്ത് നീക്കം ചെയ്യാത്തതിനാൽ പരവൂർ, കോങ്ങാൽ, പൊഴിക്കര, നെടുങ്ങോലം എന്നീ പ്രദേശങ്ങളിലെ കിണറുകളിൽ ജലം വലിയ തോതിൽ കുറയുന്നു. 20 വർഷം മുമ്പ് പൊഴിക്കര ചീപ്പ് പാലത്തിന്റെ ഷട്ടറുകൾ പ്രവർത്തനരഹിതമായതോടെയാണ് പരവൂർ കായൽ മണൽ കൊണ്ട് മൂടപ്പെട്ടത്. ഷട്ടറുകൾ പുനർനിർമ്മിച്ച് യഥാസമയം അവ ഉയർത്താത്തതാണ് കായലിൽ മണൽക്കൂനകൾ രൂപപ്പെടാൻ മുഖ്യകാരണം. കായലിന്റെ ആഴം കൂട്ടി ചീപ്പ് പാലത്തിന്റെ ഷട്ടറുകൾ കൃത്യമായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ പരവൂർ കായൽ വൈകാതെ മൈതാനമായി മാറും. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് ജലം കായലിലേയ്ക്കെത്തുമ്പോൾ മണൽ കൂടി ഒഴുകിയെത്തും. എന്നാൽ വേലിയിറക്ക സമയത്ത് ഈ മണൽ കടലിലേയ്ക്ക് തിരിച്ചെത്താറുമില്ല.

മണൽക്കൂനകൾ യഥാസമയത്ത് നീക്കം ചെയ്യാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. എത്രയും വേഗം കായലിലെ മണൽ നീക്കം ചെയ്‌ത്‌ ആഴം കൂട്ടിയില്ലെങ്കിൽ ജലം കിട്ടാക്കനിയാവും.
ഡോ. എസ്. സന്തോഷ്, പി.ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഒഫ് സുവോളജി, പന്തളം ജി.എൻ.എസ് കോളേജ്

കായലിലെ മണൽ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് സമീപപ്രദേശങ്ങളിലെ കിണറുകളിൽ ജലം ലഭ്യമാക്കാൻ അധികൃതർ ശ്രമിക്കണം
ബൈജു, നഗരസഭാ കൗൺസിലർ (പൊഴിക്കര)

മത്സ്യസമ്പത്ത് കുറയുന്നു

പത്ത് മുതൽ പതിനാറ് അടിവരെ താഴ്‌ച്ചയുണ്ടായിരുന്ന കായലിൽ 30 ഇനം മത്സ്യസമ്പത്ത് ഉണ്ടായിരുന്നു. എന്നാൽ കായൽ നികത്തുന്നത് മൂലവും ഇരവിപുരം കനാൽ വഴി വരുന്ന മാലിന്യങ്ങൾ കായലിലെത്തുന്നതിനാലും മത്സ്യസമ്പത്ത് പതിനഞ്ചിനം മാത്രമായി കുറഞ്ഞിരിക്കുകയാണ്. കൂടാതെ കായലിന്റെ അടിത്തട്ടിലുള്ള സസ്യങ്ങളും വലിയ രീതിയിൽ നശിക്കുന്നുണ്ട്.