കൊല്ലം : മുംബയ് - കന്യാകുമാരി സാമ്പത്തിക ഇടനാഴി വൈകാതെ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊല്ലം ബൈപാസ് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സാമ്പത്തിക ഇടനാഴിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി വരികയാണ്. ടൂറിസം സർക്യൂട്ടുകളെ ബന്ധപ്പെടുത്തുന്ന 'സ്വദേശ് ദർശൻ', തീർത്ഥാടന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള 'പ്രസാദ്' എന്നീ പദ്ധതികൾക്കായി കേരളത്തിന് 550 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മത്സ്യമേഖലയ്‌ക്ക് 7,500 കോടിയും നീക്കിവച്ചു. എൻ. ഡി. എ സർക്കാർ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. 2015 ജനുവരിയിലാണ് കൊല്ലം ബൈപാസിന് എൻ.ഡി.എ സർക്കാർ അന്തിമ അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുന്ന ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ കേരളം കൂടുതൽ പേരെ ചേർക്കണം.
എൻ.ഡി.എ അധികാരമേൽക്കുമ്പോൾ വിനോദസഞ്ചാര രംഗത്ത് 65-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 40-ാം സ്ഥാനത്തേക്ക് ഉയർന്നു. വിദേശ സഞ്ചാരികളുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് ഒരു കോടിയായി. 90 ശതമാനം ഗ്രാമങ്ങളിലേക്കും റോഡുകൾ നിർമ്മിച്ചു. എല്ലാ ഗ്രാമങ്ങളിലേക്കും റോഡെന്ന സ്വപ്നം വൈകാതെ യാഥാർത്ഥ്യമാകുമെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി. സുധാകരൻ സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിഅമ്മ, കെ. രാജു, എം.പി.മാരായ കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, എൻ.കെ. പ്രേമചന്ദ്രൻ, വി. മുരളീധരൻ, എം.എൽ.എമാരായ എം. മുകേഷ്, എൻ. വിജയൻപിള്ള, ഒ. രാജഗോപാൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.