അഞ്ചൽ: അഞ്ചലിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും പരിസരവും മാലിന്യ നിഷേപകേന്ദ്രമായി മാറി. കാടുകയറിയ ഇവിടം ഇഴജന്തുക്കളുടെ താവളമായി. മാർക്കറ്റ് ജംഗ്ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്താണ് ഇരുപത് സെന്റോളം സ്ഥലത്തായി പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം. ഇതിനോട് ചേർന്ന് പൊലീസുകാർക്ക് വിശ്രമിക്കുന്നതിനുള്ള കെട്ടിടവുമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചൽ കാളച്ചന്തയോട് ചേർന്ന പുതിയ കെട്ടിടത്തിലേക്ക് പൊലീസ് സ്റ്റേഷൻ മാറ്റിയിരുന്നു. അഞ്ചൽ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പകരം ഗ്രാമപഞ്ചായത്തിന് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും സ്ഥലവും വിട്ടുകൊടുത്തു. ഇവിടെ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. മാലിന്യം നിറഞ്ഞതോടെ അഞ്ചൽ ബസ് സ്റ്റാൻഡിൽ എത്തുന്നവർക്ക് മൂക്കുപൊത്താതെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ടൗണിന്റെ ഹൃദയ ഭാഗത്ത് ലക്ഷങ്ങൾ വിലവരുന്ന സ്ഥലവും കെട്ടിടവും അധികൃതരുടെ അവഗണനമൂലം നശിക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്. കെട്ടിടം പൊളിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.