കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെയും യു.ഡി.എഫിന്റെയും നിലപാടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിശിതമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് ലജ്ജാകരവും നാണം കെട്ടതുമാണെന്ന് ചരിത്രം രേഖപ്പെടുത്തും. ഇത്രയും നീചമായ നിലപാട് സ്വീകരിക്കുമെന്ന് കരുതിയതേയില്ല. കോൺഗ്രസ് പാർലമെന്റിൽ ഒന്ന് പറഞ്ഞിട്ട് പത്തനംതിട്ടയിൽ വന്ന് മറ്റൊന്ന് പറയുന്ന ഇരട്ടത്താപ്പാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ പ്രവർത്തകരുടെ വമ്പിച്ച റാലി കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ശബരിമല വിഷയത്തിൽ ബി.ജെ.പി യുടെ നിലപാട് സുവ്യക്തമാണ്. വാക്കും പ്രവൃത്തിയും തമ്മിൽ വിഭിന്നമല്ലാത്ത നിലപാടെടുത്ത ഏക പാർട്ടി ബി.ജെ.പിയാണ്. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നതാണ് ശബരിമല വിഷയം. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, ആദ്ധ്യാത്മികത എന്നിവ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കുന്നില്ല.
ലിംഗസമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പേരിൽ വീരവാദം പറയുന്ന കോൺഗ്രസും സി.പി.എമ്മും മുത്തലാക്ക് വിഷയത്തിൽ പാർലമെന്റിൽ സ്വീകരിച്ചത് വോട്ട്ബാങ്ക് രാഷ്ട്രീയമായിരുന്നു.
10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പാർലമെന്റിൽ നിലപാടെടുത്തത് മൂന്ന് മുസ്ലിംലീഗ് എം.പിമാരാണ്. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗെന്നോർക്കണം. യു.ഡി.എഫും എൽ.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം. അഴിമതിയും ജാതീയതയും വർഗീയതയും പ്രോത്സാഹിപ്പിക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളെയും വഞ്ചിക്കുകയാണ് ഇരുമുന്നണികളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ഇംഗ്ളീഷ് പ്രസംഗം വി. മുരളീധരൻ എം.പി പരിഭാഷപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.
ത്രിപുര കേരളത്തിലും ആവർത്തിക്കും
ത്രിപുരയിൽ ബി.ജെ.പിക്ക് ശൂന്യതയിൽ നിന്ന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിൽ അത് കേരളത്തിലും ആവർത്തിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയെ ഒട്ടും കുറച്ച് കാണേണ്ടതില്ല. ഇടതുമുന്നണിയുടെ പരിഹാസങ്ങൾക്കും അക്രമങ്ങൾക്കും ബി.ജെ.പി പ്രവർത്തകരുടെ മനോവീര്യം തകർക്കാനാകില്ല. ത്രിപുരയിലെപ്പോലെ കേരളത്തിലെ ജനങ്ങളും ഉണർന്നെണീറ്റു കഴിഞ്ഞു. പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ കഴിയുന്ന പാർട്ടിയായാണ് ജനങ്ങൾ ബി.ജെ.പിയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.