കൊല്ലം: കൊല്ലം ബൈപാസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷ പ്രസംഗത്തിനിടെ സദസിൽ നിന്ന് നാമജപ പ്രതിഷേധവും കൂക്കിവിളിയും ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗത്തിന് തൊട്ടുമുമ്പായിരുന്നു പ്രതിഷേധം.
'വെറുതേ ശബ്ദം ഉണ്ടാക്കാൻ കുറേ ആളുകൾ ഉണ്ടല്ലേ" എന്നായിരുന്നു പിണറായി ആദ്യം ചോദിച്ചത്. 'വെറുതേ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്, ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തും കാണിക്കാനുള്ള വേദിയാണ് യോഗം എന്ന് കരുതരുത്" മുഖ്യമന്ത്രി ക്ഷുഭിതനായി ഇത്രയും പറഞ്ഞതോടെയാണ് സദസിലെ പ്രതിഷേധം അടങ്ങിയത്. ഇടയ്ക്ക് കേരളത്തിന്റെ നേട്ടം പറഞ്ഞപ്പോഴും നേരിയ രീതിയിൽ ശരണം വിളി ഉയർന്നു.
ആശ്രാമം മൈതാനത്തെ വേദിയിൽ യോഗം തുടങ്ങും മുൻപ് തന്നെ ചെറിയ തോതിൽ കൂക്കിവിളി ഉയർന്നിരുന്നു. എൽ.ഇ.ഡി സ്ക്രീനിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും ചിത്രങ്ങൾ തെളിഞ്ഞപ്പോഴായിരുന്നു സദസിന്റെ പിന്നിലും മദ്ധ്യഭാഗത്തും നിന്ന് കൂക്കിവിളി ഉയർന്നത്. മന്ത്രി ജി. സുധാകരൻ സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴേക്കും കൂക്കിവിളി ഉച്ചത്തിലായി.