കൊല്ലം: പ്രധാനമന്ത്രിക്ക് കേരളം നൽകിയ വാക്ക് പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ബൈപാസിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടത് മുന്നണി സർക്കാർ അധികാരത്തിലേറി ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയെ കാണാൻ ചെന്നപ്പോൾ കേരളത്തിൽ പലതും ശരിയായി നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്താണ് ഒരു ഉദാഹരണമെന്ന് താൻ ചോദിച്ചപ്പോൾ ഗെയിൽ പൈപ്പ് ലൈൻ ആണെന്നാണ് പറഞ്ഞത്. അടുത്ത തവണ കാണുമ്പോൾ ഇക്കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കാമെന്ന് താൻ വാക്ക് നൽകി. ഇപ്പോൾ നല്ല ആത്മവിശ്വാസത്തോടെ പറയാൻ കഴിയും കേരളം പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിച്ചു. നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമാവുകയാണ്. പ്രളയം വന്നില്ലായിരുന്നുവെങ്കിൽ ഉദ്ഘാടനം നടന്നേനെ. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന് സ്നേഹത്തോടെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രിക്ക് മുന്നിൽ അഭിമാനത്തോടെ പറയാനുള്ള നേട്ടങ്ങളുണ്ട്. കേരളം ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണിത്. തുടർന്നും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.