കൊല്ലം: എൻ.ഡി.എ മഹാസംഗമത്തിനിടെ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഹസ്തദാനം നൽകിയത് പ്രവർത്തകരെ ആവേശഭരിതരാക്കി. തുഷാറിന്റെ സ്വാഗത പ്രസംഗത്തിനിടെയാണ് മോദി വേദിയിലെത്തിയത്. തന്റെ ഇരിപ്പിടത്തിലിരുന്ന മോദി തുഷാറിന്റെ സ്വാഗത പ്രസംഗം തീർന്നയുടനെയാണ് അടുത്തേക്ക് വിളിച്ച് പ്രത്യേകം ഹസ്തദാനം നൽകിയത്. മോദിയുടെ പ്രസംഗം ആരംഭിച്ചപ്പോൾ തുഷാറിനെ 'എന്റെ സുഹൃത്ത് തുഷാർ" എന്നാണ് സംബോധന ചെയ്തത്. മറ്റുള്ളവരുടെയെല്ലാം പേര് മാത്രമാണ് മോദി പറഞ്ഞത്.
വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ തുടർഭരണം ഉണ്ടാകുമെന്ന് സ്വാഗത പ്രസംഗത്തിൽ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോദി ഭരണത്തിൽ കഴിഞ്ഞ നാലര വർഷത്തെ രാജ്യത്തിന്റെ വികസനക്കുതിപ്പ് ലോകത്തിന് തന്നെ അത്ഭുതമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലും വലിയ മാറ്റം ഉണ്ടാകും. മോദിയുടെ കൈയൊപ്പ് കേരളത്തിലും പതിഞ്ഞിരിക്കുമെന്നും തുഷാർ പറഞ്ഞു.