nk-premachandran

കൊല്ലം: പാർലമെന്റിലെ മികച്ച പ്രകടനത്തിന് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സൻസദ് രത്‌ന പുരസ്‌കാരം. ചെന്നൈ ആസ്ഥാനമായ പ്രൈം പോയിന്റ് ഫൗണ്ടേഷനും ഇ മാഗസിൻ പ്രിസെൻസും നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ പ്രേമചന്ദ്രനെ ബെസ്റ്റ് ഡിബേറ്ററായി തിരഞ്ഞെടുക്കുകയായിരുന്നു.

19ന് വൈകിട്ട് 3ന് ചെന്നൈ രാജ്ഭവനിൽ ചേരുന്ന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ബെൻവാരിലാൽ പുരോഹിത് അവാർഡ് നൽകും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തി വിവിധ കാറ്റഗറികളിലായി 12 പേരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ മാത്രമാണ് അവാർഡിനർഹനായത്.
2016-17 വർഷത്തെ മികച്ച പാർലമെന്റ് അംഗത്തിനുളള സൻസദ് രത്‌ന അവാർഡും പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്. പതിനാറാം ലോക്‌സഭയുടെ കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ബെസ്റ്റ് പാർലമെന്റേറിയനുള്ള ലോകമത് അവാർഡ്, ഫെയിം ഇന്ത്യ അവാർഡ്, കാശ്‌മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രസേവ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിട്ടുണ്ട്.