പത്തനാപുരം: പത്തനാപുരത്ത് രണ്ടിടത്ത് തീപിടിത്തം. വിളക്കുടി പോസ്റ്റ് ഒാഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഡി.ടി.പി സെന്ററിലും പത്തനാപുരം ചന്തയിലുമായിരുന്നു തീപിടിച്ചത്. കോട്ടവട്ടം സ്വദേശി ഉദയകുമാറിന്റേതാണ് ഡി.ടി.പി സെന്ററിൽ ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു തീപിടിച്ചത്. പുക ഉയരുന്നത് കണ്ടസമീപവാസികൾ ഉടൻതന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ആവണീശ്വരത്തു നിന്നും പുനലൂരിൽ നിന്നുമായി രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി തീകെടുത്തി. കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മിഷൻ എന്നിവ ഉൾപ്പടെ കത്തി നശിച്ചു.അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. പത്തനാപുരം ചന്തയിൽ ഇന്നലെ രാവിലെ കുണ്ടയം സ്വദേശി മജീദിന്റെ പച്ചക്കറി കടയ്ക്കാണ് തീപിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും തീയണച്ചു . ആവണീശ്വരം യൂണിറ്റിലെ ലീഡിങ് ഫയർമാൻ റാഫി,സന്തോഷ്,ശരത്,അതുൽ,ലെനിൻ,അനൂപ്, നൗഷാദ്, രതീഷ് എന്നിവർ നേതൃത്വം നൽകി