പത്തനാപുരം: നിരന്തരമായി ശാരീരിക പീഡനം നടത്തുന്നതായുള്ള ഭാര്യയുടെ പരാതിയിൽ അറസ്റ്റു ചെയ്ത പട്ടാഴി വടക്കേക്കരയിൽ വട്ടക്കാല വണ്ണക്കാലയിൽ വൈശാഖത്തിൽ ശ്രീജേഷി (40)നെ റിമാൻഡ് ചെയ്തു.രണ്ട് കുട്ടികളുടെ മാതാവായ തന്നെ സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീജേഷ് ഉപദ്രവിക്കാറുണ്ടെന്ന് കാട്ടിയാണ് പത്തനാപുരം പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് മുമ്പും ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന പാൽ ദേഹത്ത് ഒഴിക്കുകയും ചെയ്തു. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റു.ഒളിവിലായിരുന്ന പ്രതിയെ പൊലീസ് ബന്ധുക്കൾ മുഖേന ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ച നടത്തി തിരികെവിടാമെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിച്ച് പിടികൂടുകയായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം എസ്.ഐ മാരായ പുഷ്പകുമാറിന്റെയും ജോസഫ് ലിയോണിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.