ചാത്തന്നൂർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉളിയനാട് സ്കൂളിലെ കളിക്കളത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ജീവൻ വച്ചു. കളിക്കളത്തിനായുള്ള സ്ഥലത്ത് കൂനകൂട്ടിയിട്ടിരുന്ന മണ്ണ് ഇന്നലെ രാവിലെയോടെ നീക്കം ചെയ്യാൻ തുടങ്ങി. മൂന്ന് വർഷം മുമ്പ് കളിക്കളത്തിന് സ്ഥലമൊരുക്കുന്നതിനായി സമീപത്തെ കുന്നിടിച്ചിരുന്നെങ്കിലും മണ്ണ് അവിടെ തന്നെ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
മണ്ണ് നീക്കം ചെയ്യാതെ കളിക്കളം നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് 'ഉളിയനാട് സ്കൂൾ കളിക്കളത്തിനായി ഇനിയും കാത്തിരിക്കണം' എന്ന തലക്കെട്ടിൽ കഴിഞ്ഞ വർഷം നവംബർ 16ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് നടപടി വേഗത്തിലാക്കുകയായിരുന്നു.
അഞ്ചര ലക്ഷം രൂപ ലേല തുകയ്ക്ക് 5200 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യുന്നതിനാണ് പുതുതായി കരാർ നൽകിയിരിക്കുന്നത്. റോയൽറ്റിയായി ഒരു ടണ്ണിന് 20 രൂപ നിരക്കിൽ അടച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. നാലു ദിവസത്തേക്കാണ് അധികൃതർ കരാറുകാരന് ഓപ്പൺ പാസ് നൽകിയിരിക്കുന്നത്. ജിയോളജി വകുപ്പിൽ നിന്ന് 10 ടൺ ഭാരം കയറ്റുന്ന വലിയ വാഹനത്തിൽ മണ്ണ് നീക്കം ചെയ്യാനാണ് പാസ് നൽകിയിരിക്കുന്നതെങ്കിലും ഇവിടേക്ക് 5 ടൺ ഭാരം കയറ്റാവുന്ന വാഹനം മാത്രമെ എത്തിച്ചേരുകയുളളു. ഇത് മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കരാറുകാരൻ. അധികൃതരോട് ഈ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് കരാറുകാരൻ പറഞ്ഞു.
മണ്ണ് മാറ്റാൻ തുടങ്ങിയതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയമായി ഉയർത്താനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് സ്കൂൾ പി.ടി.എയും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പണി ആരംഭിച്ചത് 2015ൽ
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപയിലാണ് സ്റ്രേഡിയത്തിന്റെ പണി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അതിർത്തി നിർണയിക്കുകയും സംരക്ഷണ ഭിത്തി കെട്ടി സ്ഥലത്തെ കുഴികൾ നിരപ്പാക്കുകയും ചെയ്തു. തുടർന്ന് കുന്നിടിച്ച് കൂട്ടിയിട്ട മണ്ണ് വില്ലനായെത്തി. മണ്ണ് ലേലം ചെയ്യുന്നതിന് തയ്യാറാക്കിയ എസ്റ്റിമേറ്റിലെ അപാകതകൾ മൂലം നിർമ്മാണം പാതി വഴിയിലാകുകയായിരുന്നു.