കൊല്ലം : കോർപ്പറേഷന്റെയും കൃഷിഭവന്റെയും അറുന്നൂറ്റിമംഗലം പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ അറുന്നൂറ്റിമംഗലം ഏലായിൽ ഇറക്കിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. ഇന്നലെ വൈകിട്ടു 4ന് മാടൻകാവിന് സമീപം നടന്ന കൊയ്ത്തുത്സവം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. 30 ഏക്കർ തരിശുഭൂമിയിലാണ് ജനപങ്കാളിത്തത്തോടെ കഴിഞ്ഞ ഒക്ടോബറിൽ കൃഷിയിറക്കിയത്. അഗ്രിക്കൾചർ ഓഫീസ് പ്രിൻസിപ്പൽ പി.എച്ച്. നജീബ് പദ്ധതി വിശദീകരണവും പാടശേഖര സമിതി പ്രസിഡന്റ് എസ്. പ്രസാദ് റിപ്പോർട്ടും അവതരിപ്പിച്ചു. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കർഷകരെ എം. നൗഷാദ് എം.എൽ.എയും വിദ്യാർത്ഥികളെ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസും ആദരിച്ചു. സി.പി.എം മങ്ങാട് ലോക്കൽ സെക്രട്ടറി സി. ബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി, മരാമത്തുകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിന്ത എൽ. സജിത്ത്, കൗൺസിലർ എസ്. പ്രസന്നൻ, നഗരസഭാ സെക്രട്ടറി വി. ആർ. രാജു തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ സ്വാഗതവും പാട ശേഖര സമിതി സെക്രട്ടറി കെ.തുളസീധരൻ നന്ദിയും പറഞ്ഞു.