കരുനാഗപ്പള്ളി: ഇതാണ് അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ്. രണ്ടുപേർക്ക് അകത്ത് ഒന്നിച്ച് നിൽക്കാൻ ഇടമില്ല. പ്രവേശിച്ചവർ പുറത്തുവരാതെ മറ്റുള്ളവർക്ക് അകത്തേക്ക് കടക്കാൻ സാദ്ധ്യമല്ല. സ്ഥല പരിമിതി മൂലം നാട്ടുകാരും ജീവനക്കാരും പൊറുതിമുട്ടുകയാണ്. മൂന്ന് പതിറ്റാണ്ടിന് മുമ്പാണ് അയണിവേലിക്കുളങ്ങര വില്ലേജ് പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന കരുനാഗപ്പള്ളി വില്ലേജിനെ വിഭജിച്ചായിരുന്നു പുതിയ വില്ലേജ് ഓഫീസിന്റെ രൂപീകരണം.6 സെന്റ് ഭൂമിയിൽ നിർമ്മിതി നിർമ്മിച്ച് നൽകിയ ചെറിയ കെട്ടിടമാണിത്. ഒരു ചെറിയഹാളും, സ്റ്റോർ മുറിയും അടങ്ങുന്നതായിരുന്നു വില്ലേജ് ഓഫീസ്. വർഷങ്ങൾക്ക് ശേഷമാണ് പുറമെ ഉണ്ടായിരുന്ന തിണ്ണ ചുടുകട്ടകൊണ്ട് കെട്ടിമറച്ച് വില്ലേജ് ഓഫീസർക്കുള്ള മുറി നിർമ്മിച്ചത്. 30 വർഷത്തിനുള്ളിൽ വില്ലേജിലെ വീടുകളുടെ എണ്ണത്തിലും ജനസംഖ്യയിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ വില്ലേജ് ഓഫീസിന്റെ വികസനത്തിൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ വില്ലേജിൽ 15000 ത്തോളം വീടുകളുണ്ട്. നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ ദിവസവും എത്തുന്നത്. ഓൺലൈൻ വഴി 25 ഓളം സർട്ടിഫിക്കറ്റുകൾ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. കൂടാതെ നിരവധി സർട്ടിഫിക്കറ്റുകൾ അപേക്ഷ വാങ്ങിയും നൽകുന്നുണ്ട്.. നിലവിലുള്ള വില്ലേജ് ഓഫീസ് പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. പെതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പുതിയ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ഉന്നതങ്ങളിലേക്ക് നൽകിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നടപടികൾ മാത്രം ഉണ്ടായില്ല. സർക്കാരിന്റെ ഫണ്ട് ലഭിച്ചില്ലെങ്കിൽ ജനപ്രതിനിധികളുടെ അസ്തി വികസന ഫണ്ടിൽ നിന്നോ പ്രാദേശിക വികസന ഫണ്ടിൽ നിന്നോ പണം കണ്ടെത്തി ജനങ്ങളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കാവുന്നതേയുള്ളു.