കരുനാഗപ്പള്ളി: ആവശ്യത്തിന് കണ്ടക്ടർമാരില്ലാത്തതിനാൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ റദ്ദാക്കുന്നത് പതിവായി. ഇതോടെ ഗ്രാമപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി. ഗ്രാമീണ മേഖലയിലുള്ളവർ കെ.എസ്.ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഏറെ വലയുന്നത് . ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഡിപ്പോയിൽ നിന്ന് 38 എം.പാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ സർവീസുകൾ പൂർണമായും താറുമാറായി. പിരിച്ചുവിടീൽ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും പി.എസ്.സി അഡ്വൈസ് ലഭിച്ച ഒരാൾ പോലും ജോലിക്കായി ഇവിടെ എത്തിയില്ല. ഇപ്പോൾ 55 കണ്ടക്ടർമാരുടെ ഒഴിവാണുള്ളത്. സിംഗിൾ ഡ്യൂട്ടി 34, ഡിബിൾ ഡ്യൂട്ടി 16, സ്റ്റേ ബസ് 28 എന്ന തരത്തിലാണ് ഷെഡ്യൂൾ. നിലവിൽ 164 ഡ്രൈവർമാരും 120 കണ്ടക്ടർമാരുമുണ്ട്. കണ്ടക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായില്ലെങ്കിൽ ഡിപ്പോയുടെ പ്രവർത്തനം തുടർന്നും അവതാളത്തിലാകും. സർവീസുകൾ റദ്ദ് ചെയ്തുതുടങ്ങിയതോടെ ഡിപ്പോയുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടാകുന്നത്. ഇതോടെ സമാന്തര സർവീസുകൾക്കും സ്വകാര്യ ബസുകൾക്കും ചാകരയാണ്. മുൻകാലങ്ങളിൽ കളക്ഷൻ കുറവായ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താതിരുന്ന എല്ലാ സ്വകാര്യ ബസുകളും വീണ്ടും തുടങ്ങി. സമാന്തര സർവീസും ഇടതടവില്ലാതെ ഓടുകയാണ്. ഡിപ്പോയിലേക്ക് ആവശ്യത്തിന് കണ്ടക്ടർമാരെ നിയമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
--------
കണ്ടർക്ടർമാർ കുറവായതിനാൽ മുഴുവൻ സർവീസുകളും നടത്താൻ കഴിയുന്നില്ല
55 പേരുടെ ഒഴിവ്
പിരിച്ചുവിട്ട എം.പാനലുകാർക്ക് പകരം നിയമനം നടന്നില്ല