n-k-premachandran

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ആർ.എസ്.പി ആദ്യമേ രംഗത്ത്. യു.ഡി.എഫ് ആർ.എസ്.പിക്ക് അനുവദിച്ച മണ്ഡലമാണ് കൊല്ലമെങ്കിലും മുന്നണിക്കകത്ത് സീറ്റ് വിഭജനകാര്യത്തിൽ ഔദ്യോഗിക തീരുമാനം വരും മുമ്പേയാണ് പ്രഖ്യാപനം.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം ആക്ഷേപം കനപ്പിക്കുമ്പോഴാണ് സ്ഥാനാർത്ഥിപ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

പ്രേമചന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നും ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും ഇന്നലെ പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തെയും സെക്രട്ടേറിയറ്റ് മാർച്ചിനെയും കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
പ്രേമചന്ദ്രന് മണ്ഡലത്തിലും ജനങ്ങൾക്കിടയിലും നല്ല സ്വാധീനമാണ്. നല്ല പാർലമെന്റേറിയനാണെന്ന കാര്യം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പോലും അംഗീകരിച്ചിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത് പ്രേമചന്ദ്രനാണെന്ന സി.പി.എം ആരോപണവും ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാനാണെന്ന് എ.എ. അസീസ് പറഞ്ഞു.