photo
പുത്തൂർ പാണ്ടറ ചിറ

കൊല്ലം: സംരക്ഷണ പദ്ധതികളെല്ലാം താളംതെറ്റിയതോടെ ഗ്രാമപ്രദേശങ്ങളിലെ കുളങ്ങൾ നാശത്തിൽ. വേനൽക്കാലമെത്തും മുമ്പേ ശുദ്ധജലക്ഷാമം തുടങ്ങി. വേനൽ രൂക്ഷമാകും മുമ്പ് കുളങ്ങൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളങ്ങളും ചിറകളും സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നതാണ്. എന്നാൽ ഇത് ഫലംകണ്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചില കുളങ്ങൾ അതാത് ഗ്രാമപഞ്ചായത്തുകാർ വൃത്തിയാക്കിയിരുന്നു. ഇവ ഇപ്പോൾ മാലിന്യവും പായലും നിറഞ്ഞ് നശിച്ചിരിക്കുകയാണ്. വേനലടുക്കുന്ന വേളയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങൾ വൃത്തിയാക്കണമെന്ന നിർദ്ദേശം പലപ്പോഴും ഉണ്ടാകുമെങ്കിലും വേനൽക്കാലത്തിന്റെ ആരംഭത്തിൽ ഈ ജോലികൾ നടക്കാറില്ല. ജലം സുലഭമായിരിക്കുമ്പോൾ മാത്രമാണ് കുളങ്ങൾ വൃത്തിയാക്കാറുള്ളതെന്നാണ് ആക്ഷേപം. കാലാകാലങ്ങളിൽ പൊതുകുളങ്ങളുടെയും മറ്റും അറ്റകുറ്റപ്പണിക്കായി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. മുമ്പ് കാർഷിക- ഗാർഹിക ആവശ്യങ്ങൾക്ക് ഇത്തരം ചിറകളും ചെറുകുളങ്ങളും ഏറെ പ്രയോജനപ്പെട്ടിരുന്നതാണ്. തുണി അലക്കാനും കുളിക്കാനുമൊക്കെ ഇത്തരം ചിറകളെയാണ് വേനൽക്കാലത്ത് ഗ്രാമവാസികൾ ആശ്രയിച്ചിരുന്നത്.

നൂറിലധികം കുളങ്ങൾ

നെടുവത്തൂർ, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളുൾക്കൊളളുന്ന പുത്തൂർ മേഖലയിൽ നൂറിലധികം കുളങ്ങളുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിൽ ഏറിയ പങ്കും ഉപയോഗിക്കാൻ കഴിയുന്നില്ല. നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുളള പാണ്ടറ ചിറ മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കിയെങ്കിലും ഇപ്പോൾ പഴയതിലും ദയനീയ സ്ഥിതിയിലാണ്. മഴക്കാലത്ത് കരവെള്ളമിറങ്ങിയാണ് ചിറ നശിക്കുന്നത്. അതിന് തടയിടാൻ ഇനിയും കഴിഞ്ഞിട്ടില്ല. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പഴവറ ചിറ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങിയതാണ്. വലിയ തുക ചെലവിട്ടെങ്കിലും സംരക്ഷണ പദ്ധതികളൊക്കെ പാതിവഴിയിൽ മുടങ്ങി. തെക്കുംചേരിയിലെ മൂന്നാംചിറയും കോട്ടാത്തലയിലെ തേവർചിറയും നൂറ്റാണ്ടിന്റെ പാരമ്പര്യമുളളതാണ്. ഏക്കറുകണക്കിന് വിസ്തൃതിയുണ്ടായിരുന്ന ഈ രണ്ട് ചിറകളും കൈയേറ്റങ്ങളിലൂടെ ചുരുങ്ങി.. കോട്ടാത്തല പൂഴിക്കാട്ട് ചിറയും ഉപയോഗശൂന്യമായിമാറി. സമീപത്തെ ലക്ഷംവീട്ടുകാർക്ക് ഏറെ ആശ്വാസമായിരുന്ന ചിറ സംരക്ഷിച്ചാൽ വലിയ അനുഗ്രഹമായി മാറും. പുരാണങ്ങളിൽ സ്ഥാനംപിടിച്ച പാങ്ങോട് ചിറ ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും സംരക്ഷണ ഭിത്തി തകർന്നുകിടക്കുകയാണ്. പാണ്ഡവർ നിർമ്മിച്ച ചിറയാണിതെന്നാണ് പുരാണങ്ങളിൽ പറയുന്നത്. മാവടിയിലെ പൊതുകുളം, ആറ്റുവാശേരി പ്ളാങ്കുളത്തു ചിറ, കൈതക്കോട് ചിറ, തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രത്തിന് സമീപത്തെ ചിറ, നെടുവത്തൂർ ചാലൂക്കോണം ചിറ, തുടങ്ങി യവയും നശിക്കുകയാണ്. വെണ്ടാർ ക്ഷേത്രത്തോട് ചേർന്ന ചിറയാണ് അടുത്ത കാലത്ത് നവീകരിച്ചത്..

----

നാട്ടിൻപുറങ്ങളിലെ കുളങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ പ്രഹസനം