ob-haleema-20

കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിൽ കയറാൻ പാളംമുറിച്ചു കടക്കുന്നതിനിടെ പാഞ്ഞുവന്ന എക്സ്‌പ്രസ് ട്രെയിനിടിച്ച് യുവതി തത്ക്ഷണം മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ മയ്യനാട് മുക്കം അലീമ മൻസിലിൽ ഹൈദരലിയുടെ മകൾ ഹലീമയ്ക്കാണ് (20) ദാരുണാന്ത്യമുണ്ടായത്.

പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായ ഹലീമ രണ്ടാം പ്ളാറ്റ്ഫോമിൽ നിറുത്തിയിട്ടിരുന്ന തിരുവനന്തപുരം പാസഞ്ചർ ട്രെയിനിൽ കയറാൻ പാളം മുറിച്ചു കടക്കുന്നതിനിടെ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ശതാബ്ദി എക്സ്‌പ്രസ് ഇടിക്കുകയായിരുന്നു. ശതാബ്ദി കടന്നുപോകാൻ നിറുത്തിയിട്ടിരുന്ന പാസഞ്ചർ വിടാൻ പോകുന്നുവെന്ന് കരുതി ഓടിവന്ന ഹലീമ ട്രെയിൻ പാഞ്ഞു വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിലേക്കിറങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മയ്യനാട് മുക്കം ജമാഅത്ത് പള്ളിയിൽ കബറടക്കി. അവിവാഹിതയാണ്. മാതാവ്: ഫസീല. സഹോദരങ്ങൾ: ഉമർ, ഉബൈദ്, ഹഫ്സ, ഹബീബ.