chathannoor
ചാത്തന്നൂർ പഞ്ചായത്തിൽ നടന്ന കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷം നടുക്കളത്തിൽ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുന്നു.

ചാത്തന്നൂർ: ഗ്രാമ പഞ്ചായത്ത് ഇത്തിക്കരയാറ്റിന്റെ തീരത്ത് ശ്മശാനത്തിന് വേണ്ടി വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമരത്തിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. കമ്മിറ്റി ചേരാൻ കഴിയാതായതോടെ പഞ്ചായത്ത് പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു. വസ്തുവിന്റെ രജിസ്ട്രേഷനെക്കുറിച്ച് ഒന്നുമറിയില്ലെന്നും നാട്ടുകാർക്ക് പ്രതിഷേധമുണ്ടെന്നും സി.പി.എം വാർഡംഗം മഹേശ്വരി തുറന്നു പറഞ്ഞത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ന്യായീകരിക്കുന്നതായി. സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷും സ്ഥിരം സമിതി അദ്ധ്യക്ഷയായ രേഷ്മയും കമ്മിറ്റിയിൽ പങ്കെടുത്തില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. നിമ്മി കമ്മിറ്റിയിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. യോഗം തുടങ്ങിയ ഉടൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുഭാഷ് പാളിക്കൽ ശ്മശാനഭൂമി ഇടപാടിനെക്കുറിച്ച് ക്രമപ്രശ്നമുന്നയിച്ചു. തുടർന്ന് ഭൂമി ഇടപാടിൽ അഴിമതിയുണ്ട്, രജിസ്ട്രേഷൻ റദ്ദാക്കണം എന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ യോഗം കലുഷിതമായി. യോഗം നടത്താൻ അനുവദിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന സി.പി.ഐ അംഗത്തിന്റെ പരാമർശം പ്രതിപക്ഷത്തെ രോഷാകുലരാക്കി. പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പി അംഗങ്ങളായ കളിയാക്കുളം ഉണ്ണിയും ഷീജയും യോഗം ബഹിഷ്കരിച്ചു. ക്വാറം തികയാതെ യോഗം നടത്താൻ തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങൾ തിരിച്ചു കയറി നടുത്തളത്തിലിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും പഞ്ചായത്ത് ഓഫീസിലെത്തി സംഘടിച്ചു തുടങ്ങി.

യോഗം പിരിവു വിട്ടതായി പ്രസിഡന്റ് നിർമ്മല പ്രഖ്യാപിച്ചു. ഒരു മാസം മുമ്പും പഞ്ചായത്ത് കമ്മിറ്റി ശ്മശാനഭൂമി ഇടപാടിനെച്ചൊല്ലി അലങ്കോലമായിരുന്നു.

ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും :ബി.ജെ.പി

ചാത്തന്നൂർ: വിവാദമായ ഭൂമി ഇടപാട് റദ്ദാക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി പഞ്ചായത്ത്‌ സമിതി പ്രസിഡന്റും ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ കളിയാക്കുളം ഉണ്ണി പറഞ്ഞു. ഭൂമി ഇടപാടിൽ നഗ്നമായ അഴിമതി നടന്നിട്ടും അതിനെ ന്യായീകരിക്കുന്ന സമീപനമാണ് ഭരണകക്ഷി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും ബി.ജെ.പി ആരോപിച്ചു.