samaram
പുഞ്ചിരി നഗർ കുടിവെള്ള പദ്ധതിയ്ക്ക് മുൻപിൽ നടത്തിയ സത്യാഗ്രഹ സമരം

കൊട്ടിയം : വടക്കേ മൈലക്കാട് പുഞ്ചിരിച്ചിറയിലെ പുഞ്ചിരി നഗർ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിറുത്തിയതിൽ പ്രതിഷേധിച്ച് ജി.എസ്. ജയലാൽ എം.എൽ.എ ജലവിതരണ കേന്ദ്രത്തിന് മുന്നിൽ സത്യാഗ്രഹം നടത്തി. രണ്ട് ദിവസമായി മുടങ്ങിക്കിടന്ന ജലവിതരണം സത്യാഗ്രഹത്തെ തുടർന്ന് മണിക്കൂറുകൾക്കകം പുനസ്ഥാപിച്ചു. മുമ്പ് പ്രദേശവാസികൾ പണം സ്വരൂപിച്ച് കുടിവെള്ള പദ്ധതിക്കായി സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. എന്നാൽ ജലവിതരണം മാത്രം നടന്നില്ല. ഭൂജലവകുപ്പ് പദ്ധതി ഏറ്റെടുത്തതോടെയാണ് ജലവിതരണം ആരംഭിച്ചത്. ജില്ലാപഞ്ചായത്തിന്റെ സ്ഥലത്ത് ജല വിതരണത്തിന് വേണ്ടി അനധികൃതമായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വൈദ്യുതി കണക്‌ഷൻ നൽകി എന്ന ബന്ധപ്പെട്ടവരുടെ പരാതിയിലാണ് കഴിഞ്ഞ 16ന് ഇലക്ട്രിസിറ്റി വകുപ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സ്ഥലം എം.എൽ.എ വൈദ്യുതി വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതിബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ എം.എൽ.എ സമരക്കാർക്കൊപ്പം കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചു. സംഭവമറിഞ്ഞ് ജില്ലാകളക്ടർ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. ജലവിതരണത്തിനുള്ള വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് എം.എൽ.എ സത്യാഗ്രഹം അവസാനിപ്പിച്ചത്.