കൊല്ലം: വിശ്വാസ സമൂഹത്തിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കൊല്ലം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസികളിൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരാണ്. വിശ്വാസി അവിശ്വാസി ചേരിതിരിവുണ്ടാക്കി ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താമെന്ന് കരുതരുത്. കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താൻ നിരീശ്വരവാദികളെന്ന് എപ്പോഴും പ്രചരിപ്പിക്കാറുണ്ട്. ഇ.എം.എസ് ഭരിച്ച കാലം മുതൽ ഇവിടെ ഒരു വിശ്വാസിയുടെയും വിശ്വാസത്തിന് പോറലേറ്റിട്ടില്ല. വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. പശ്ചിമബംഗാളിൽ 34 കൊല്ലവും ത്രിപുരയിൽ 35 കൊല്ലവും ഭരിച്ചപ്പോൾ ജനങ്ങളുടെ വിശ്വാസത്തിന് പോറലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അതിനാൽ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഇടത് പക്ഷത്തെ ഒറ്റപ്പെടുത്താമെന്ന ചിന്ത കേരളത്തിൽ നടക്കില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും പോകേണ്ടവർക്ക് പോകാം. പോകേണ്ടതില്ലെന്ന് കരുതുന്നവർ പോവുകയും വേണ്ട- കോടിയേരി പറഞ്ഞു.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കെ. സോമപ്രസാദ് എം.പി, യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ രക്തസാക്ഷി പ്രമേയവും സൂസൻ കോടി അനുശോചനപ്രമേയവും അവതരിപ്പിച്ചു.