paravur
നഗരസഭാ ആരോഗ്യ വിഭാഗം പരവൂരിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങളും നിരോധിച്ച കാരിബാഗുകളും

പരവൂർ: നഗരസഭാ അതിർത്തിയിലെ ഹോട്ടലുകളിലും ബോർമ്മകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക്ക് കവറുകളും പിടിച്ചെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയിലും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. അന്ന് പരിശോധന നടത്തിയ ഹോട്ടലുകളിലാണ് വീണ്ടും റെയ്ഡ് നടത്തി പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരസഭ ശക്തമായ നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് പഴകിയ ഭക്ഷണം വിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കടകൾക്ക് എതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ജി. മിത്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.