accident
ചാത്തന്നൂർ എസ്.എൻ കോളേജ് വളപ്പിൽ തീപിടിച്ചപ്പോൾ

ചാത്തന്നൂർ: ശ്രീനാരായണ കോള‌‌േജ് വളപ്പിൽ അക്വേഷ്യാ വൃക്ഷങ്ങളുടെ കൂട്ടത്തിന് തീപിടിച്ചു. നിരവധി കുടുംബങ്ങളാണ് കോളേജ് വളപ്പിന് പുറത്ത് താമസിക്കുന്നത്. പരവൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. കോളേജ് ഓഫീസിന് സമീപത്തെ വളപ്പിലാണ് തീപിടിച്ചത്. അക്വേഷ്യാ മരങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന സ്ഥലത്ത് തീ ആളിപ്പടുരുന്നത് കണ്ട കോളേജ് അധികൃതർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പത്ത് മണിയോടെ ഫയർ ഫോഴ്സെത്തി മരങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തീയണയ്ക്കുകയായിരുന്നു. വളപ്പിലെ കരിയില കൂട്ടത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതായിരിക്കാം കാരണമെന്ന് സംശയിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും കരിയിലക്കൂട്ടത്തിന് തീപിടിച്ചിരുന്നു. ഇത് കോള‌േജിലെ ജീവനക്കാർ തന്നെ കെടുത്തുകയായിരുന്നു. ചാത്തന്നൂരിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധർ പൊതു ഇടങ്ങളിൽ തീയിടുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പ് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി വളപ്പിലും ഇത്തരത്തിൽ തീപിടിച്ചിരുന്നു.