photo
രണ്ടാംകാല ചണ്ഡീഹോമം.

കരുനാഗപ്പള്ളി: കാപ്പകെട്ട് വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ചടങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ പുലിത്തിട്ട ക്ഷേത്രത്തിൽ കഴിഞ്ഞ 9 ദിവസമായി നടത്തി വന്നിരുന്ന ശ്രീവിദ്യാ സപര്യയജ്ഞം ഇന്ന് സമാപിക്കും. കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടത്തി വരുന്ന മഹാചണ്ഡികാ യാഗത്തോടെയാണ് യജ്ഞം അവസാനിക്കുന്നത്. ചണ്ഡികായോഗത്തിന്റെ മുന്നോടിയായി ശ്രീമഹാഗണപതിഹോമം, നവഗ്രഹഹോമം, വസ്തൂശാന്തിഹോമം, ശ്രീസുബ്രഹ്മണ്യ ഹോമം, ശ്രീ മഹാലക്ഷ്മിഹോമം, മഹാസുദർശന ഹോമം എന്നിവ നടത്തി. ഇന്ന് നടക്കുന്ന മഹാചണ്ഡികാ യാഗത്തിന് മുന്നോടിയായി ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം ചണ്ഡീഹോമം ഇന്നലെ രാത്രിയോടെ പൂർത്തിയായി. പുതുതായി നിർമ്മിക്കുന്ന ക്ഷേത്രത്തിന് ചുറ്റും 64 മണ്ഡപങ്ങളിലായി 64 യോഗിനിമാരെയും ശ്രീ ചക്രത്തിന്റെ ബിന്ദുമദ്ധ്യത്തിൽ ശ്രീമഹാകാളിയെയും കുടിയിരുത്തുന്നതിന്റെ ഭാഗമായാണ് ശ്രീവിദ്യാ സപര്യ യജ്ഞം സംഘടിപ്പിച്ചത്. മഹാചണ്ഡികാ യാഗാചാര്യൻ എ.എസ്. സുന്ദുമൂർത്തി ശിവത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ 40 ഒാളം വേദപണ്ഡിറ്റുകളാണ് യാഗത്തിന് നേതൃത്വം നൽകിയത്. ഇതോടൊപ്പം യജ്ഞാചാര്യൻ വളവനാട് വിമൽ വിജയുടെ ആത്മീയ പ്രഭാഷണവുമുണ്ടായിരുന്നു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദും ഭാര്യ വീണാ വിനോദും യാഗത്തിൽ യജമാനനും യജമാനത്തിയുമായി യജ്ഞവേദിയിൽ ഇരുന്നു. ഇന്ന് നടക്കുന്ന മഹാചണ്ഡികാ യാഗത്തിന് ശേഷം മഹാനൈവേദ്യം മഹാകാളിക്ക് കലശാഭിഷേകം നടത്തുന്നതോടെ ശ്രീവിദ്യാ സപര്യ യജ്ഞത്തിന് തിരശീല വീഴും. ഇന്നലെ രാത്രി ചതുഷഷ്ഠി യോഗിനി ഭാരവ പൂജയോടെ എട്ടാം ദിവസത്തെ യജ്ഞം സമാപിച്ചിരുന്നു.