കൊല്ലം: :'കേരള ജനറിക്" എന്ന പേരിൽ ജനറിക് മരുന്നുകൾ പുറത്തിറക്കുന്നത് ഔഷധവില കുറയ്‌ക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ നല്ല നിലയിൽ ഉത്പാദനം നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ നല്ല രീതിയിൽ വീക്ഷിക്കുന്ന മേഖലയാണ് കേരളത്തിലെ ആരോഗ്യരംഗം. എങ്കിലും കാലാനുസൃതമായ പുരോഗതി നമുക്ക് കൈവരിക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്നതും ഭേദപ്പെട്ടതുമായ മിനിമം വേതനമാണ് മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എം.എസ്.ആർ.എ ജോയിന്റ് ജനറൽ സെക്രട്ടറി എം.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മേയർ വി. രാജേന്ദ്രബാബു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കെ.എം.എസ്.ആർ.എ ജനറൽ സെക്രട്ടറി മോഹൻ സി. നായർ, പ്രസിഡന്റ് കെ.എം. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ആർ. അരുൺ, ജില്ലാ സെക്രട്ടറി എസ്. നജിമുദീൻ എന്നിവർ പ്രസംഗിച്ചു.