കൊല്ലം: തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സമഗ്രമായ ക്ഷേമപദ്ധതി സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും ഇത് സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ചേർന്ന പൊതുസമ്മേളനം കൊല്ലം ക്യു.എ.സി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള നിർമ്മാണത്തിനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദുരന്തത്തിനും തകർക്കാനാകാത്ത കേരളമാണ് പുനർനിർമ്മിക്കേണ്ടത്. അതിനുള്ള ശേഷി ഖജനാവിനില്ല. വലിയ സഹായം ആവശ്യമാണ്. സഹായം ചെയ്യാൻ പല രാജ്യങ്ങളും തയ്യാറായി. ലക്ഷക്കണക്കിന് മലയാളികളുള്ള യു.എ.ഇ സ്വന്തം നാട്ടിലുണ്ടായ ദുരന്തം പോലെ കണ്ടു. യു.എ.ഇ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിയെ വിളിച്ച് 700 കോടി രൂപ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി അപ്പോൾ സ്വാഗതം ചെയ്തെങ്കിലും പിന്നീട് ആ പണം സ്വീകരിക്കാൻ പറ്റില്ലെന്ന് നിലപാടെടുത്തു. സ്വീകരിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങളും സഹായിച്ചേനെ. ആയിരക്കണക്കിന് കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.
പുരുഷനെപ്പോലെ എല്ലാ സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി. ഇതിനെതിരെയും ദുഷ്ടശക്തികൾ പ്രവർത്തനം തുടങ്ങി. അപ്പോൾ ഉയർന്ന സ്വാഭാവിക പ്രതിരോധമായിരുന്നു വനിതാമതിൽ. ലിംഗ സമത്വത്തിന് വേണ്ടി നടന്ന ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായി ഇതുമാറി. നാടിന്റെ പൊതുമുന്നേറ്റത്തെ ആർക്കും തടയാനാകില്ലെന്നും പിണറായി പറഞ്ഞു.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, മേയർ വി. രാജേന്ദ്രബാബു, എം.എൽ.എമാരായ എം. നൗഷാദ്, സി.കെ. ഹരീന്ദ്രൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.