kavadi
ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ഘോഷയാത്രക്ക് സജ്ഞമാക്കിയിരിക്കുന്ന നേർച്ച കാവടികൾ.

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ശ്രീഷൺമുഖ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി 10 ദിവസമായി നടന്ന് വരുന്ന ഉത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ഇന്ന് വൈകിട്ട് 3ന് മഹാകാവടിഘോഷയാത്രയും ആറാട്ടെഴുന്നള്ളത്തും കലാപരിപാടികളും നടത്തും. രാവിലെ 5.30ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് മൂന്നിന് കാവടിഘോഷയാത്ര. ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഇടമൺ ഗവ.എൽ.പി.എസ്, യു.പി.എസ്, ഇടമൺ സത്രം ഗുരുക്ഷേത്രം, റെയിൽവേ സ്റ്റേഷൻ വഴി ഇടമൺ പടിഞ്ഞാറ് ശാഖാവക ആയിരവല്ലി മഹാദേവ ക്ഷേത്രത്തിലെത്തും. തുടർന്ന് ശാഖാ പ്രസിഡന്റ് വി. ദിലീപ്, സെക്രട്ടറി എസ്. ഉദയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ഘോഷയാത്രയെ സ്വീകരിക്കും. ക്ഷേത്രത്തിന് വലംവച്ച ശേഷം ഘോഷയാത്ര തിരികെ ഇടമൺ സത്രം ജംഗ്ഷൻ, ഇടമൺ-34 മാടൻകാവ്, ഇടമൺ -34 ശാഖവക ഗുരുക്ഷേത്രം, പുളിമുക്ക് സബ് സ്റ്റേഷൻ ജംഗ്ഷനിലെത്തി തിരികെ ഇടമൺ-34 വഴി വൈകിട്ട് 6.45ന് ഷൺമുഖക്ഷേത്ര സന്നിധിയിൽ സമാപിക്കും. ഇടമൺ-34ൽ എത്തുന്ന ഘോഷയാത്രയെ പുനലൂർ യൂണിയൻ കൗൺസിലർ സി.പി. തുളസീധരൻ, ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ, വൈസ് പ്രസിഡന്റ് എൻ. സുദർശനൻ, സെക്രട്ടറി എം.എസ്. മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ സ്വീകരിക്കും. നേർച്ച കാവടിയേന്തിയ നൂറ് കണക്കിന് ഭക്തജനങ്ങൾ, താലപ്പൊലിയേന്തിയ ബാലികാ-ബാലന്മാർ, അലങ്കരിച്ച വാഹനങ്ങൾ, ഗുരുദേവ പഠനസംഘം അവതരിപ്പിക്കുന്ന കീർത്തനാലാപനം, ചെണ്ടമേളം, പഞ്ചവാദ്യം, കരകാട്ടം, കാളയാട്ടം, മുത്തുക്കുട തുടങ്ങിയവ ഘോഷയാത്രയ്ക്ക് മികവേകും. രാത്രി 7ന് ദീപാരാധന ദീപക്കാഴ്ച, 8ന് ട്രിവാൻഡ്രം വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള, 11ന് ആറാട്ടെഴുന്നെള്ളത്ത്, 12ന് ഹിഡുംബനൂട്ട്, തൃക്കൊടിയിറക്ക്, ശുദ്ധികലശം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ് എന്നിവർ അറിയിച്ചു.