hospital
ഇടമുളയ്ക്കൽ ഗവ. ഹോമിയോ ആശുപത്രി

അഞ്ചൽ മേഖലയിലെ ഏക ഹോമിയോ ആശുപത്രി

അഞ്ചൽ: അധികൃതരുടെ കടുത്ത അവഗണന മൂലം അസൗകര്യങ്ങളാൽ വീർപ്പുമുട്ടി നാല് ദശാബ്ദത്തോളം പഴക്കമുള്ള ഇടമുളയ്ക്കൽ ഗവ. ഹോമിയോ ഡിസ്പെൻസറി. അഞ്ചൽ, ഇടമുളയ്ക്കൽ, ഏരൂർ, പഞ്ചായത്തുകളിലെ ആളുകൾക്ക് ആശ്രയിക്കാവുന്ന ഏക ഹോമിയോ ആശുപത്രിയും ഇതാണ്. ഡിസ്പെൻസറി ആരംഭിച്ച കാലം മുതൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയെത്തുന്ന രോഗികൾക്ക് ലഭിക്കുന്നത്. ഡോക്ടറെക്കൂടാതെയുള്ള മറ്റ് ജീവനക്കാരുടെ എണ്ണവും പരിമിതമാണ്. സ്ഥലപരിമിതിയാണ് ആശുപത്രി നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. മരുന്നുകൾ ഭദ്രമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ പോലും ഈ ഡിസ്പെൻസറിയിൽ പരിമിതമാണ്. അഞ്ചൽ മേഖലയിലെ ഏക ഹോമിയോ ആശുപത്രി കൂടിയായ ഇടമുളയ്ക്കൽ ഹോമിയോ ആശുപത്രിയുടെ പദവി ഉയർത്തണമെന്നും കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഡിസ്പെൻസറിയെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ നാട്ടിൽ ഭീതി വിതച്ച അവസരങ്ങളിലൊക്കെ കിഴക്കൻ മേഖലയിൽ പകർച്ചപ്പനി ഉൾപ്പെടെ പകരാതിരിക്കാൻ ഫലപ്രദമായി ചികിത്സ നൽകുന്നതിനും മരുന്നുകൾ വിതരണം ചെയ്യുന്നതിനും ഈ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിനാണ് അഞ്ചൽ ബ്ലോക്ക് പരിധിയിലുള്ള ഏക ഹോമിയോ ആശുപത്രിയായ ഇടമുളയ്ക്കൽ ഹോമിയോ ഡിസ്പെൻസറിയുടെ മേൽനോട്ടച്ചുമതല.

ദിനംപ്രതി ചികിത്സതേടി എത്തുന്നത് 200 ൽ അധികം രോഗികൾ