photo
കോൺക്രീറ്റ് പാളിപാളികളായി ഇളകി മാറുന്ന കല്ലുമൂട്ടിൽക്കടവ് പാലം.

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിനെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ട് ടി.എസ് കനാലിന് മീതേ നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ മേൽഭാഗത്തെ കോൺക്രീറ്റ് പാളികളായി ഇളകി മാറുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി തവണയാണ് പാലത്തിന്റെ മേൽ ഭാഗത്തെ കോൺക്രീറ്റ് ഇളകി മാറിയത്. കോൺക്രീറ്റ് ഇളകി മാറുന്നിടം മാത്രം ടാർ ചെയ്യുന്ന രീതിയാണ് ഉദ്യോഗസ്ഥർ പിൻതുടരുന്നത്. പാലം പൂർണമായും ടാർ ചെയ്താൽ കുഴികളെല്ലാം അടയ്ക്കാൻ സാധിക്കും. ജനുവരി ആദ്യവാരം കൂടിയ കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ മെമ്പർമാർ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കേരളകൗമുദി ഈ വിഷയത്തിൽ ഒന്നിലധികം തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 9 വർഷം മുമ്പ് വി.എസ്. അച്യുതാനന്ദനാണ് പാലം നാടിന് സമർപ്പിച്ചത്. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. നിരവധി കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. കായംകുളം മത്സ്യബന്ധന തുറമുഖത്തേയ്ക്കുള്ള വാഹനങ്ങളും കടന്ന് പോവുന്നത് കല്ലുംമൂട്ടിൽക്കടവ് പാലം വഴിയാണ്. രാത്രിയിൽ പാലത്തിലെ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് അപകടങ്ങളുണ്ടാവുന്നത് നിത്യസംഭവമാണ്.

പാലത്തിന്റെ നീളം 185 മീറ്റർ, പാലം നിർമ്മിച്ചിരിക്കുന്നത് 5 സ്പാനുകളിലായി

പാലത്തിലെ കുഴികൾ അടച്ച് പാലം വഴിയുള്ള സഞ്ചാരം അപകട രഹിതമാക്കണം

നാട്ടുകാർ