photo

കൊല്ലം: വേനൽക്കാലം അടുത്തതോടെ തീപിടിത്തങ്ങൾ കൂടിയെങ്കിലും കെടുത്താൻ തുള്ളി വെള്ളമില്ലാതെ വലയുകയാണ് കുണ്ടറ ഫയർ സ്റ്റേഷൻ. സ്റ്റേഷൻ വളപ്പിൽ ആകെയുള്ള ഒരു കിണറിൽ നിന്ന് ആവശ്യത്തിന് ജലം ലഭിക്കാത്തതിനാൽ മറ്റ് മാർഗങ്ങൾ തേടുകയാണ് സ്റ്റേഷൻ അധികൃതർ. സമീപത്തായി കാഞ്ഞിരകോട് കായലുണ്ടെങ്കിലും ഉപ്പുവെള്ളമായതിനാൽ തീയണയ്ക്കാൻ ഉപയോഗിക്കാൻ കഴിയില്ല.

നിലവിൽ കാഞ്ഞിരകോട് ഭാഗത്ത് കേരള സിറാമിക്സിന്റെ അധീനതയിലുള്ള ചിറയിൽ നിന്ന് വെള്ളമെടുക്കാനാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളതെങ്കിലും ഇവിടേക്ക് എത്തിച്ചേരാനുള്ള വഴി മോശമായതിനാൽ ഫയർ ഫോഴ്സിന്റെ വലിയ വാഹനത്തിന് കടന്നുപോകാൻ കഴിയില്ല. വയലിനോട് ചേർന്നുള്ള വഴിയായതിനാൽ പലഭാഗത്തും ഇടിഞ്ഞുതാഴുന്നുമുണ്ട്. ഇതുവഴി വെള്ളം നിറച്ച ലോറി കടന്നുവരുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നതിനാൽ ഇപ്പോൾ കൊല്ലം ഫയർ സ്റ്റേഷനിൽ നിന്നാണ് കുണ്ടറയിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്നത്. എന്നാൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം കൊല്ലത്തെത്തി വെള്ളമെടുക്കാൻ. ഇത് ഡീസൽ ചെലവടക്കം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പുറമെ അടിയന്തര ഘട്ടങ്ങളിൽ അവിടെയെത്തി വെള്ളമെടുക്കുന്നത് പ്രായോഗികവുമല്ല.

വേനൽ കടുക്കുന്നതോടെ തീ പടരാനുള്ള സാദ്ധ്യയും ഏറും. വെള്ളക്ഷാമം കാരണം ഫയർഫോഴ്സ് നിസഹായരായാൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും.

 കുഴൽക്കിണർ സ്ഥാപിക്കണം

സ്റ്റേഷൻ വളപ്പിൽ കുഴൽക്കിണർ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും പച്ചക്കൊടി കിട്ടിയിട്ടില്ല. പരിസ്ഥിതിലോല പ്രദേശമായതിനാൽ കുഴൽക്കിണർ നിർമ്മിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. അതുകൊണ്ടുതന്നെ കുഴൽക്കിണർ നിർമ്മിക്കാൻ അനുമതി നൽകുന്നില്ല.

 വേണ്ടത് ചെറിയ വാഹനം

വെള്ളം നിറയ്ക്കാൻ ഒരു ലോറിയും തീകെടുത്താനുള്ള വാതകം നിറച്ച രണ്ട് ലോറികളുമാണ് കുണ്ടറ ഫയർ സ്റ്റേഷനിലുള്ളത്. എന്നാൽ പ്രദേശത്ത് അധികവും ഇടുങ്ങിയ റോഡുകളായതിനാൽ തീപിടിത്തം ഉൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ വലിയ വാഹനങ്ങൾക്ക് അവിടേക്ക് കടന്നുചെല്ലാൻ കഴിയില്ല. വെള്ളം നിറയ്ക്കാൻ സൗകര്യമുള്ള ചെറിയ വാഹനം അടിയന്തരമായി അനുവദിക്കണമെന്നാണ് കുണ്ടറ ഫയർഫോഴ്സിന്റെ ആവശ്യം.

 പ്രവർത്തനം തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട്

1984 ലാണ് കുണ്ടറയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്. ആറുമുറിക്കടയിലായിരുന്നു ആദ്യം പ്രവർത്തനം. 2001ൽ കൊല്ലം - തേനി പാതയുടെ വശത്ത് അലിൻഡിനും കാഞ്ഞിരകോടിനും ഇടയിൽ പ്രത്യേക സ്ഥലമൊരുക്കി സ്റ്റേഷൻ ഇവിടേക്ക് മാറ്റി. മുൻ മുഖ്യമന്ത്രി ഇ.കെ. നയനാരാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

കൊട്ടാരക്കരയിൽ ഫയർ സ്റ്റേഷൻ ഇല്ലാതിരുന്ന കാലത്ത് കുണ്ടറയിൽ നിന്നായിരുന്നു സേവനം ലഭിച്ചിരുന്നത്. വലിയ മേഖലയുടെ സുരക്ഷ നോക്കേണ്ടതിനാൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ കുണ്ടറ ഫയർ സ്റ്റേഷൻ ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്.