കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നാളെ മുതൽ ഫെബ്രുവരി 10വരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുമെന്ന് കേരള ഹോക്കി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ വി. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
23ന് വൈകിട്ട് ഗവർണർ പി. സദാശിവം ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 800 ഓളം താരങ്ങൾ പങ്കെടുക്കും. രണ്ട് ഡിവിഷനുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എ ഡിവിഷനിൽ ഇരുപതും ബി ഡിവിഷനിൽ ഇരുപത്തിരണ്ടും ഉൾപ്പെടെ 42 ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും.
നാളെ രാവിലെ 6ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഭോപ്പാൽ മദ്ധ്യപ്രദേശിനെ നേരിടും. വൈകിട്ട് 6ന് ആതിഥേയരായ കേരളം തെലുങ്കാനയെ നേരിടും. സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഗുജറാത്ത്, ത്രിപുര, സ്റ്റീൽ പ്ലാന്റ് ബോർഡ് എന്നിവയാണ് പൂൾ ബി യിൽ കേരളത്തിന്റെ മറ്റ് എതിരാളികൾ. കഴിഞ്ഞവർഷം കേരളം സെമിയിൽ സായിയോട് തോറ്റിരുന്നു.
ബി ഡിവിഷനിലെ ഗ്രൂപ്പ് മത്സരങ്ങൾ 29ന് സമാപിക്കും. 30ന് ക്വാർട്ടർ ഫൈനലും ഫെബ്രുവരി ഒന്നിന് സെമിഫൈനലും രണ്ടിന് രാവിലെ ഫൈനലും നടക്കും.
എ ഡിവിഷനിൽ ഫെബ്രുവരി 7ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 9ന് സെമി ഫൈനലും 10ന് രാവിലെ ലൂസേഴ്‌സ് ഫൈനലും വൈകിട്ട് 3ന് ഫൈനലും നടക്കും.
25 വർഷത്തിന് ശേഷമാണ് ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ് കേരളത്തിലെത്തുന്നത്. ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകൾ അറിയിച്ചു. കേരള ഹോക്കി ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രമണി, കൊല്ലം ഹോക്കി പ്രസിഡന്റ് എൻ. വിനോദ്‌ലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.