കൊല്ലം: സ്കൂൾ ബസുകൾക്കും സ്വകാര്യ വസ്തുക്കൾക്കും കേട് വരുത്തിയാൽ അതിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമമായതായി മന്ത്രി മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന്റെ 14-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുമുതലിന് മാത്രം ഏർപ്പെടുത്തിയിരുന്ന സംരക്ഷണമാണ് ഇപ്പോൾ സ്വകാര്യ സ്വത്തുക്കൾക്കും സർക്കാർ നൽകിയിരിക്കുന്നത്. ഹർത്താലും പഠിപ്പുമുടക്കുമൊന്നും ഇനി നാശനഷ്ടങ്ങൾക്ക് കാരണമാകില്ല. സ്കൂൾ ബസുകൾ നിരത്തിലിറക്കുമെന്നതിനാൽ അദ്ധ്യയനം തടസപ്പെടില്ല. കുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ടു പോകാൻ രക്ഷാകർത്താക്കൾ പരമാവധി സഹകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് ബോയ് മുഹമ്മദ് അർഷാദ് സ്വാഗതവും ഹെഡ്ഗേൾ എൻ. ഹിബ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നോടെ
ആഘോഷ പരിപാടികൾ സമാപിച്ചു.