കൊല്ലം: പലതവണ പൊരുതിവീണതിന്റെ വേദന അഗ്നിപർവതം പോലെ ഉള്ളിൽ കത്തിനിൽക്കുകയാണ്. കിരീടം കൈപ്പിടിയിലാകാതെ അത് അണയില്ല. ഇനിയും ഒരു മുറിപ്പാട് ഉണ്ടാകാതെ ദേശീയ ജൂനിയർ വനിതാ ഹോക്കി കിരീടം സ്വന്തമാക്കാനുറപ്പിച്ച് ചാമ്പ്യൻഷിപ്പ് നടക്കുന്ന കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ അവസാനവട്ട പരിശീലനത്തിലാണ് കേരള ടീം.
ആക്രമിച്ച് കളിക്കാൻ തന്നെയാണ് പദ്ധതി. ഈ ലക്ഷ്യത്തോടെ 18 അംഗം ടീമിൽ 9 ഫോർവേഡുകളെയാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. 5-3-2-1 എന്ന ശൈലിയാകും സ്വീകരിക്കുക. എതിരാളികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഒരാൾ മീഡ്ഫീൽഡിലേക്ക് പിൻവാങ്ങും.ആക്രമണം കുറയ്ക്കില്ല. സൂക്ഷ്മ നിരീക്ഷണത്തിലൂടെയായിരുന്നു ഇത്തവണത്തെ ടീം തിരഞ്ഞെടുപ്പ്. പോരാട്ടവീര്യം പാതിവഴിയിൽ നഷ്ടമാകുന്ന ഒരാൾ പോലും ടീമിലില്ല. പലരും സർവകലാശാല, ദേശീയ ചാമ്പ്യൻഷിപ്പ് കിരീടങ്ങളിൽ മുത്തമിട്ടവരാണ്.
1974ലാണ് കേരളം ആദ്യമായി ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യനായത്. 1975ലും 76ലും. പിന്നീട് തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയതോടെ കരുത്തരുടെ കൂട്ടമായ എ ഡിവിഷനിൽ നിന്ന് ബിയിലേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ ബി ഡിവിഷനിൽ സെമിഫൈനൽ വരെയെത്തി. പക്ഷേ ആന്ധ്രയോട് പരാജയപ്പെട്ടതിനാൽ ഫൈനൽ സ്വപ്നം പൊലിഞ്ഞു. ബി ഡിവിഷൻ ജേതാക്കളായി അടുത്ത തവണ എ ഡിവിഷനിൽ കരുത്തരോട് ഏറ്റുമുട്ടുക, അത് മാത്രമാണ് സ്വപ്നമെന്ന് കേരള ടീം പറയുന്നു. ടീമംഗങ്ങളിലേറെയും സായിയുടെയും ജി.വി. രാജയുടെയും താരങ്ങളാണ്. കൊല്ലം സായി സെന്റർ ഇൻ ചാർജ്ജായ രാജീവ് തോമസാണ് കേരള ടീമിന്റെ പരിശീലകൻ.