waste
കല്ലടയാറ്റിൽ ഒഴുകി നടക്കുന്ന കോഴിഫാം മാലിന്യങ്ങൾ

മൺറോത്തുരുത്ത്: പ്രകൃതി സുന്ദരമായ മൺറോതുരുത്തിലെ തോടുകളിലൂടെ ഇപ്പോൾ ഒഴുകിനടക്കുന്നത് കോഴിഫാമുകളിൽ നിന്നുള്ള മാലിന്യം. കോഴിഫാമുകളിലെ അവശിഷ്ടങ്ങൾ കല്ലടയാറ്റിലേക്ക് തള്ളുന്നത് കാരണം മൺറോതുരുത്ത് നിവാസികൾ തീരാദുരിതത്തിലാണ്.

ദിവസവും രാത്രികാലങ്ങളിൽ കല്ലടയാറിന്റെ തീരത്തെ വിജനമായ പ്രദേശങ്ങളിൽ ചാക്കുകണക്കിന് മാലിന്യമാണ് കൊണ്ടുവന്ന് തള്ളുന്നത്. ഇവ ചെറുതോടുകളിലൂടെ ഒഴുകി പ്രദേശമാകെ വ്യാപിച്ചിരിക്കുന്നു. വേലിയേറ്റ സമയത്ത് മാലിന്യങ്ങൾ കരയയ്ക്കടിയുന്നതിനാൽ ദുർഗന്ധം കാരണം പ്രദേശവാസികൾ വലയുകയാണ്.

പരമ്പരാഗത തൊഴിൽ മേഖലകളെല്ലാം നിശ്ചലമായ മൺറോതുരുത്തിന് ഇപ്പോഴുള്ള ഏക ആശ്രയം ടൂറിസവും അതുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളുമാണ്. എന്നാൽ മാലിന്യനിക്ഷേപം ടൂറിസത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. സ്വദേശികളും വിദേശികളുമായി പ്രതിദിനം നൂറുകണക്കിന് ആളുകളാണ് മൺറോതുരുത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനും ചെറുതോടുകളിലൂടെ തോണിയാത്ര നടത്താനും എത്തുന്നത്. മാലിന്യങ്ങൾ ഒഴുകി നടക്കുന്നതിനാൽ മലിനമാക്കപ്പെട്ട ഇവിടേക്ക് വീണ്ടും വരാൻ സഞ്ചാരികൾ മടിക്കുന്നു.

മൺറോതുരുത്ത് ഭാഗത്തെ കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും തീരപ്രദേശങ്ങൾ പൊതുവേ മാലിന്യ മുക്തമായിരുന്നു. ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിച്ചിരുന്ന പ്രധാന ഘടകവും അതായിരുന്നു.

ഇവിടത്തെ തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ തെളിനീരൊഴുക്കുള്ള തോടുകളിലൂടെയുള്ള തോണിയാത്ര ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ്. എന്നാൽ ഈ മേഖലയെ നാശത്തിലേയ്ക്ക് നയിക്കുന്ന പ്രവണതകൾ കണ്ടിട്ടും ഗ്രാമപഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.