കൊല്ലം: ശബരിമല സമരം കൊണ്ട് എൽ.ഡി.എഫിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർവനാശം സംഭവിക്കാൻ പോകുന്നത് യു.ഡി.എഫിനാണ്. ബി.ജെ.പിക്ക് അതിന്റെ ഗുണം കിട്ടുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സകല ഞാഞ്ഞൂലുകളും ഒന്നിച്ചുകൂടിയിട്ടുണ്ട്. എങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ ബി.ജെ.പി തന്നെ അധികാരം നിലനിറുത്തും. മോദിയുടെ പ്രസക്തിയെ ചെറുതായി കണ്ടിട്ട് കാര്യമില്ല. എൻ.എസ്.എസ് അണികളിൽ ഭൂരിഭാഗവും ബി.ജെ.പി മനസുള്ളവരാണ്. സമദൂരം പറയുമ്പോഴും അതിനുള്ളിൽ അവർക്കൊരു ദൂരമുണ്ട്.
പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പ കർമ്മസമിതിയുടെ പരിപാടിയിൽ ടി.പി. സെൻകുമാർ എൻ.എസ്.എസിനെ പ്രശംസിച്ചതിനുപിന്നിലെ ആവേശമെന്താണെന്നറിയില്ല. അദ്ദേഹം അഴിമതിയില്ലാത്ത മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. പിണറായി സർക്കാർ അദ്ദേഹത്തെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പോകേണ്ടെന്ന ധാരണയിലാണ് എസ്.എൻ.ഡി.പി യോഗം. സ്വന്തം രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള അധികാരം അംഗങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട്. സമുദായ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങി യോഗം മുന്നോട്ടുപോകും.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കാൾ മുൻപേ ചർച്ചചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡുകളിലും ഇപ്പോഴും ചാതുർവർണ്യം നിലനിൽക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവരെയും പിന്നാക്കക്കാരെയും വിളക്കെടുക്കാൻ ഇപ്പോഴും അനുവദിക്കാത്ത ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ കൊല്ലത്ത് പോലും ഉണ്ട്. ഈ സർക്കാരിന്റെ ശാന്തി നിയമന ഉത്തരവുമായി ചെന്ന മൂന്ന് ശാന്തിമാരെ എറണാകുളത്ത് 'പോടാ"യെന്ന് പറഞ്ഞ് അടിച്ചിറക്കി വിട്ടു. നോക്കിക്കണ്ട് നിന്നില്ലെങ്കിൽ ധൃതരാഷ്ട്രാലിംഗനം പോലെ ഞങ്ങൾ ഞെരിഞ്ഞമർന്ന് പോകും. താക്കോലും അധികാരവുമെല്ലാം ഒരു കൂട്ടർക്കു വേണമെന്ന് പറയുന്നത് ശരിയല്ല. ശബരിമലയിൽ ശാന്തിയാകണമെങ്കിൽ മലയാളി ബ്രാഹ്മണനായിരിക്കണമെന്നതാണ് മാനദണ്ഡം. ഇത് അംഗീകരിച്ചാൽ സവർണാധിപത്യത്തിന് കുടപിടിക്കലാകും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പിന്നിൽ രാജാവും തന്ത്രിയും ഒരു ചങ്ങനാശ്ശേരിക്കാരനുമാണ്. വനിതാമതിലിന്റെ തൊട്ടടുത്ത ദിവസമുണ്ടായ യുവതി പ്രവേശനത്തിനു പിന്നിൽ പിണറായിയുടെ ബുദ്ധിയാണെന്ന് കരുതുന്നില്ല. പിണറായി അങ്ങനെയൊരു ബുദ്ധിമോശം കാണിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.